യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ

മോസ്കോ : യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പ്രവേശന നിരോധന പട്ടിക പുതുക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‍നിൽ ആക്രമണം തുടരുന്ന റഷ്യയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളാണ് യൂറോപ്യൻ യൂണിയൻ (ഇയു) ഏർപ്പെടുത്തിയത്.
റഷ്യയിൽ വിലക്കുള്ള യൂറോപ്യൻ സ്ഥാപനങ്ങൾ, ഇയു അംഗരാജ്യങ്ങൾ, ബ്രസ്സൽസിന്റെ റഷ്യൻ വിരുദ്ധ നയം പിന്തുടരുന്ന യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് റഷ്യ പുതുക്കി ഇറക്കിയിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെയും മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളിലെയും പൗരന്മാർ പ്രവേശന നിരോധന പട്ടികയില്‍ ഉൾപ്പെടും.
റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾ നൽകാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചാണ് ഇയു നീക്കം ശക്തമാക്കിയത്. 2022 ലെ ജി7 ഉപരോധപ്രകാരം ബാരലിന് 60 ഡോളറായിരുന്നു പരമാവധി വില. റഷ്യയുടെ ഇന്ധന, ഊർജ വ്യവസായത്തെയും ധനകാര്യസംവിധാനത്തെയും ഞെരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.