രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ : ഡോളറിനെതിരെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 32 പൈസയുടെ നഷ്ടത്തോടെ 89.85 എന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്.
വിദേശ വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ എണ്ണവില ഉയര്‍ന്നതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
ഇന്നലെ 89.53ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. സെപ്റ്റംബര്‍ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയ്ക്ക് വിനയായതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. കഴിഞ്ഞ ദിവസം 86000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട ബിഎസ്ഇ സെന്‍സെക്സ് 350 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 85000ന് അടുത്താണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍, ബാങ്ക്, മീഡിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്



