മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകളെ കുറിച്ചുള്ള വിവരമുണ്ടോ ? 5,000 യൂറോ പ്രതിഫലം ലഭിക്കും

മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകൾക്ക് പിന്നിലെ ക്രിമിനലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം. സ്ലീമ, ഗ്ഷിറ, വല്ലെറ്റ എന്നിവിടങ്ങളിൽ നടന്ന ക്രൂരമായ പൂച്ചക്കൊലകൾക്ക് ഉത്തരവാദിയായ വ്യക്തിയെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് 5,000 യൂറോ പാരിതോഷികം പ്രഖ്യാപിച്ചത്. മൃഗ സ്നേഹിയായ റൊമിന ഫ്രെൻഡോയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഡെബ്ബി കലമട്ട ജൂൺ 17-ന് മാൾട്ട പെറ്റ് അഡോപ്ഷൻ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദ്വീപിലുടനീളം കണ്ടെത്തിയ വികൃതമാക്കിയ പൂച്ചകളുടെ ശവശരീരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഒരു കേസിൽ, നാവിന്റെ ഒരു ഭാഗം മുറിച്ച നിലയിൽ ഒരു പൂച്ചയെ കണ്ടെത്തി. മറ്റൊന്നിന്റെ വാൽ മുറിഞ്ഞ നിലയിൽ സ്ലീമ തെരുവിൽ ചത്ത നിലയിൽ കണ്ടെത്തി. തികച്ചും അസ്വസ്ഥപെടുത്തുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് നാട്ടുകാരുടെയും മൃഗാവകാശ പ്രവർത്തകരുടെയും പൊതുജന രോഷമുയർന്നു. ഇതേത്തുടർന്നാണ് മൃഗ പ്രവർത്തകയായ റൊമിന ഫ്രെൻഡോ തന്റെ എൻജിഒ വഴി ഈ കൃത്യത്തിനു പിന്നിലെ വ്യക്തികളുടെ വിവരം നൽകുന്നവർക്ക് 1,000 യൂറോ വാഗ്ദാനംചെയ്തത്. ഒരു മനുഷ്യൻ ഒരു പൂച്ചയെ അക്രമാസക്തമായി നിലത്ത് ഇടിക്കുന്നതായി കാണിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും അവർ പങ്കിട്ടു. തൊട്ടുപിന്നാലെ മിക്സ് മാർക്കറ്റ് മാൾട്ട എൻജിഒ പ്രതിഫലത്തിലേക്ക് 3,000 യൂറോ കൂടി വാഗ്ദാനം ചെയ്തു, ജൂലൈ 3 വ്യാഴാഴ്ച ഫ്രെൻഡോ പ്രതിഫലം 5,000 യൂറോയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. “സംശയാസ്പദമായ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ, മിണ്ടാതിരിക്കരുത്,” അവർ പറഞ്ഞു. വിവരങ്ങൾ കൈമാറുന്നതിനായി 77550550 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാം.