പിരമിഡ് നിർമിച്ചത് ആരാണെന്ന ചോദ്യത്തിന് നിർണായക കണ്ടുപിടിത്തമായി ഗവേഷകർ.

കെയ്റോ : ഈജിപ്തിലെ പിരമിഡുകൾ നിർമിച്ചത് ആര് എന്ന ചോദ്യത്തിന് പിരമിഡുകളോളം തന്നെ പഴക്കമുണ്ട്. ചരിത്രകാരന്മാരെ കുഴപ്പിക്കുന്ന, അതിനോളം പോന്ന ഒരു ചോദ്യവും ഇക്കാലത്തിനിടെ ഉയർന്നിട്ടുമില്ല. എന്നാലീ ചോദ്യത്തിനിപ്പോൾ കൃത്യമായ ഒരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഈജിപ്തിലെ, ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസയുടെ ഉള്ളിൽ കണ്ടെത്തിയ ഒരു ചുവരെഴുത്തിൽ നിന്നാണ് ഈ സുപ്രധാന വിവരം ലഭിച്ചിരിക്കുന്നത്..
ഏകദേശം 4500 വർഷത്തെ പഴക്കം രേഖപ്പെടുത്തിയിട്ടുണ്ട് ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്നറിയപ്പെടുന്ന ഈജിപ്തിലെ ഗിസാ പിരമിഡിന്. ഖുഫു എന്ന ഫറവോയുടെ കാലത്ത് നിർമിച്ച ഈ പിരമിഡ്, ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ പിരമിഡ് ആണ്.
ഒരു ലക്ഷം അടിമകൾ 20 വർഷം കൊണ്ട് അഹോരാത്രം പണിയെടുത്ത് പൂർത്തിയാക്കിയതാണ് ഗിസാ പിരമിഡ് എന്നാണ് ഗ്രീക്ക് പുരാണങ്ങളിലും നാടോടിക്കഥകളിലുമെല്ലാം ആവർത്തിച്ച് പറയുന്നത്. പുരാതന ഗ്രീക്ക് പണ്ഡിതന്മാരുടേതായി പുറത്ത് വന്ന ചില പഠനങ്ങളിലും ഈ വാദം സാധൂകരിക്കുന്ന തെളിവുകളുണ്ടായിരുന്നു. പിരമിഡിന്റെ നിർമാണ കാലയളവിൽ അടിമകൾക്ക് അധികൃതർ അവധി പോലും നിഷേധിച്ചിരുന്നു എന്നും ഓരോ അടിമയെ കൊണ്ടും വിശ്രമമില്ലാതെ അതികഠിനമായി ജോലിചെയ്യിച്ചിരുന്നു എന്നും പുരാതന ലിഖിതങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഗിസാ പിരമിഡിന് പിന്നിലെ ഒരു നിർമാണത്തൊഴിലാളി പോലും അടിമ ആയിരുന്നില്ല എന്നാണ് ഏറ്റവും പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്. അതിസൂഷ്മമായ നിരീക്ഷണവലയത്തിൽ, അതിവിദഗ്ധരായ, ദിവസവേതനക്കാരായ ശില്പികളെ കൊണ്ട് ഗിസാ പിരമിഡ് പണിതുയർത്തുകയായിരുന്നു എന്നാണ് നിർണായക കണ്ടുപിടിത്തം. ഈജിപ്‌റ്റോളജിസ്റ്റ് ആയ ഡോ.സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ഗിസാ പിരമിഡിനുള്ളിൽ കിംഗ്‌സ് ചേംബർ എന്ന, രാജാവിന്റെ അറയ്ക്കുള്ളിലാണ് നിർണായക വിവരം സൂചിപ്പിക്കുന്ന രേഖയുണ്ടായിരുന്നത്. കിംഗ്‌സ് ചേംബറിന്റെ മുകളിലുള്ള ഇടുങ്ങിയ ഇടനാഴിയുടെ ഭിത്തിയിൽ കുറിച്ചിട്ട നിലയിലുള്ള ലിഖിതങ്ങളായിരുന്നു ഇവ. പിരമിഡ് പണിത സമയത്ത്, ഇവ തൊഴിലാളികൾ തന്നെ കുറിച്ചതാവാം എന്നാണ് ഗവേഷകർ കരുതുന്നത്.
ഈജിപ്‌റ്റോളജിസ്റ്റുകൾക്ക് മാത്രം വായിച്ചെടുക്കാവുന്ന ലിപിയിലാണ് ലിഖിതമുള്ളത്. കനത്ത പാറയ്ക്ക് മുകളിൽ വരച്ചിട്ടിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും കൂടിക്കലർന്നതാണ് ഇവ. ഇമേജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് സഹിയും കൂട്ടരും ലിഖിതങ്ങൾ വായിച്ചെടുത്തത്.
കിംഗ്‌സ് ചേംബറിന്റെ ഈ ഭാഗത്തേക്ക് ഇതിന് മുമ്പ് മനുഷ്യർക്ക് എത്തിച്ചേരാനായിട്ടില്ല. ഇടുങ്ങിയ വാതിലുകളുള്ള അറകളും ഇടനാഴികളുമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ലിഖിതങ്ങൾ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കാനായി എഴുതി ചേർത്തതാണെന്ന് കരുതാനാവില്ല. അങ്ങനെ എഴുതണമെങ്കിൽ തന്നെ തീരെ മിനുസപ്പെടുത്താത്ത ഭിത്തിയിൽ 45 അടിയോളം വലിഞ്ഞു കയറണം, ശ്വാസം പോലും കടക്കാത്ത അറകൾക്കുള്ളിലൂടെ ഇഴഞ്ഞ് നീങ്ങണം… ഇതൊക്കെ കൊണ്ട് തന്നെയാണ് ഇവ തൊഴിലാളികൾ എഴുതിയത് തന്നെ എന്ന് സഹിയും കൂട്ടരും ഉറപ്പിക്കുന്നത്.
ഈ ലിഖിതങ്ങളുള്ള അറകൾക്ക് സമീപം, പിരമിഡിന്റെ തെക്ക് വശത്ത് ചില ശവകുടീരങ്ങളും സഹിയും സംഘവും കണ്ടെത്തിയിട്ടുണ്ട്. പിരമിഡുകൾ നിർമിച്ചത് അടിമകളല്ല എന്നത് സാധൂകരിക്കുന്ന ഏറ്റവും കൃത്യമായ തെളിവാണിത്. കല്ലുമാറ്റുന്ന തൊഴിലാളികളുടെ ചിത്രം ആലേഖനം ചെയ്ത കല്ലറകളായിരുന്നു ഇവ. ഇവയിലൊക്കെ കരകൗശലക്കാരൻ എന്നും പിരമിഡുകളുടെ തെക്ക് വശത്തെ മേൽനോട്ടക്കാരൻ എന്നുമൊക്കെ കുറിച്ചിട്ടുമുണ്ടായിരുന്നു.ഈ കുറിപ്പുകളാണ്, പിരമിഡുകൾ പണിതത് അതിശ്രേഷ്ഠരായ ശില്പികളാണെന്ന നിഗമനത്തിലേക്ക് സഹിയെ എത്തിക്കുന്നത്.
പിരമിഡുകളുടെ നിർമാണം അടിമകളാണ് ചെയ്തിരുന്നതെങ്കിൽ അവരെ ഒരിക്കലും പിരമിഡിന് സമീപം അടക്കം ചെയ്‌തേക്കില്ല എന്നാണ് സഹിയുടെ വാദം. അങ്ങനെ ഫറവോമാർക്ക് സമീപം സ്വന്തം കല്ലറകളൊരുക്കാൻ അടിമകൾക്ക് ഒരിക്കലും സ്വപ്‌നം കാണാൻ പോലും അവകാശമുണ്ടായിരുന്നില്ല. അത് തന്നെയല്ല, അവരൊരിക്കലും മരണാനന്തര ജീവിതം മുന്നിൽക്കണ്ട് തങ്ങൾക്കായി കല്ലറകൾ ഒരുക്കുകയുമില്ല.
കിംഗ്‌സ് ചേംബറിലെ ലിഖിതങ്ങൾക്കും ശില്പികളുടെ കല്ലറകൾക്കും പുറമെ പിരമിഡുകൾ എങ്ങനെ നിർമിച്ചു എന്ന് സൂചിപ്പിക്കുന്ന ചില തെളിവുകളും ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. പിരമിഡുകളിൽ ഉപയോഗിച്ചിരിക്കുന്ന ചുണ്ണാമ്പുകല്ല്, ഇപ്പോൾ ഗ്രേറ്റ് പിരമിഡ് ഉള്ള സ്ഥലത്തിന് 1000 അടി അകലെയുള്ള ഖനിയിൽ നിന്ന് കുഴിച്ചെടുക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീടിവ വടംകെട്ടി വലിച്ച് നിർമാണസ്ഥലത്തേക്ക് എത്തിക്കും. ഇതിന്റെ ശേഷിപ്പുകളും ശില്പികളുടെ കല്ലറകളുള്ള സ്ഥലത്ത് സഹിയും കൂട്ടരും കണ്ടെത്തിയിട്ടുണ്ട്.
പിരമിഡിന്റെ തെക്കുവടക്ക് ഭാഗത്ത് നിന്ന് ഒരു നടപ്പാത ഉണ്ടാക്കി, ക്വാറിയുമായി ബന്ധിപ്പിക്കുകയായിരുന്നു എന്നാണ് സഹിയുടെ ഗവേഷകപ്രബന്ധം സൂചിപ്പിക്കുന്നത്. ഈ ഭാഗത്ത് നടത്തിയ പരിശോധനയിൽ, സി2 എന്ന് ചില അടയാളങ്ങളിലൂടെ കുറിച്ചിരുന്നു.. മണലും കളിമണ്ണും കൂട്ടിക്കുഴച്ച മിശ്രിതത്തിന്റെ അവശിഷ്ടവും ഇവിടെ ഉണ്ടായിരുന്നു. പിരമിഡിന്റെ നിർമാണം കഴിഞ്ഞ് ക്വാറിയിലേക്കുള്ള നടപ്പാത ഇടിച്ചുപൊളിച്ചെങ്കിലും ആ അവശിഷ്ടങ്ങളിൽ കുറച്ച് ശേഷിച്ചതാവാം തങ്ങൾക്ക് ലഭിച്ചത് എന്നാണ് സഹി കൂട്ടിച്ചേർക്കുന്നത്.
ഡോ.സഹിയുടെ സഹപ്രവർത്തകനായ മാർക്ക് ലെഹ്നർ, ഗ്രേറ്റ് പിരമിഡിന്റെ കിഴക്ക് വശത്ത് സമാനരീതിയിൽ മറ്റൊരു ഗവേഷണം നടത്തുന്നുണ്ടായിരുന്നു. ഇവിടെ വർക്കേഴ്‌സ് സിറ്റി എന്ന ഒരു പ്രദേശം ഇദ്ദേഹത്തിന്റെ ടീം കണ്ടെത്തിയിട്ടുണ്ട്. ഒരു തുറമുഖത്തിന്റേതടക്കം അവശിഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. തൊഴിലാളികൾക്ക് താമസിക്കാൻ ഉണ്ടാക്കിയ തരത്തിലുള്ള അടുക്കടുക്കായുള്ള കെട്ടിടങ്ങളുടെ ശേഷിപ്പുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ നിന്ന് ലഭിച്ച ചില അവശിഷ്ടങ്ങൾ പഠനവിധേയമാക്കിയതിൽ നിന്ന്, പിരമിഡുകളുടെ ശില്പികളെ ചുറ്റിപ്പറ്റി നിന്നിരുന്ന മറ്റ് ചില മിത്തുകളും തെറ്റാണെന്ന് തെളിയുകയാണ്. പിരമിഡുകൾ പണിത തൊഴിലാളികൾ വെളുത്തുള്ളിയും, ചുവന്നുള്ളിയും റൊട്ടിയും മാത്രമാണ് കഴിച്ചിരുന്നത് എന്ന് ഈജിപ്തിൽ ഇന്നും ഒരു വലിയ സമൂഹം വിശ്വസിച്ചുപോരുന്നുണ്ട്. എന്നാൽ പ്രദേശത്ത് നിന്ന് ലഭിച്ച മാംസത്തിന്റെ ശേഷിപ്പുകൾ ഈ വാദങ്ങളൊക്കെ തള്ളിക്കളയുന്നതാണ്.
പിരമിഡുകളുടെ നിർമാണത്തിലേർപ്പെട്ട തൊഴിലാളികൾക്ക് നൽകാനായി പുരാതന ഈജിപ്തുകാർ ദിവസേന 11 പശുക്കളെയും 33 ആടുകളെയും വരെ അറുത്തിരുന്നു എന്നാണ് ഏറ്റവും പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 10,000 തൊഴിലാളികൾക്ക് വരെ ഒരു ദിവസം ഇത്തരത്തിൽ ഭക്ഷണം നൽകിയിരുന്നു.. വെറും അടിമകളാണ് തൊഴിലാളികളെങ്കിൽ ഇത്രയും സമ്പുഷ്ടമായ ഭക്ഷണം അവർക്ക് നൽകാൻ ഒരിക്കലും നാട്ടുകാർ മുതിരില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് സഹി. അങ്ങനെ വന്നാൽ ശില്പികൾ അതികേമന്മാരും സമൂഹത്തിൽ അല്പം ഉന്നത നിലയിൽ ഉള്ളവരും ആകും. അതൊരിക്കലും അടിമകൾ ആകില്ല എന്നതിനാൽ തന്റെ പഠനത്തിന് ആധികാരികത ഉണ്ടെന്ന് തന്നെ വിശ്വസിക്കുകയാണ് സഹി.
എന്തൊക്കെയായാലും ഡോ.സഹിയുടെ കണ്ടുപിടിത്തം ഈജിപ്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതും എന്നതിൽ തെല്ലും സംശയം വേണ്ട. പിരമിഡുകൾ പണിതത് അന്യഗ്രഹജീവികളാണെന്ന് വരെ വിശ്വസിക്കുന്ന ആളുകളുള്ള ഈ കാലത്ത് ഇത്തരമൊരു കണ്ടെത്തലിന്റെ പ്രാധാന്യം തീരെ ചെറുതല്ല. നിലവിലെ കണ്ടെത്തൽ ഗിസാ പിരമിഡിന്റേതാണെങ്കിൽ കൂടി, മറ്റ് പിരമിഡുകളുടെ നിർമാണപ്രക്രിയയിലും ഇതേ പാത പുരാതന ഈജിപ്ഷ്യൻ ഭരണകൂടം പിന്തുടർന്നിരുന്നു എന്ന് തന്നെ കരുതാനാവും. അങ്ങനെയെങ്കിൽ ഈജിപ്ഷ്യൻ പിരമിഡുകളെ ചുറ്റിപ്പറ്റിയുള്ള മിത്തുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ഒരുപരിധി വരെ അവസാനമാകും എന്ന് കരുതാം.