ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തി; തിരച്ചിൽ തുടരുമെന്ന് സൈന്യം
ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായി ഇന്നും തിരച്ചിൽ തുടരുമെന്ന് സൈന്യം. പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം. നിലവിൽ ഉപയോഗിക്കുന്ന ഉപകരണം വെള്ളത്തിലും ഉപയോഗിക്കാനാവുമെന്ന് സൈന്യം അറിയിച്ചു.
ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു സൈന്യം പറയുന്നു. നാവികസേന ഇക്കാര്യം പരിശോധിക്കും. എന്നാൽ കനത്ത ഒഴുക്കാണു പുഴയിലുള്ളത്. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യുവും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്തു തിരച്ചിൽ നടത്തുക. അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തിരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു.
അതിനിടെ തന്റെ മകൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചെന്ന് അർജുന്റെ അമ്മ ഷീല പറഞ്ഞു. ഇപ്പോഴുള്ള തിരച്ചിൽ കാണുമ്പോൾ വാഹനം അവിടെയില്ല എന്ന് തെളിയിക്കേണ്ടത് അവരുടെ അഭിമാന പ്രശ്‌നമായി മാറിയോ എന്ന് സംശയിക്കേണ്ടി വരും. സൈന്യത്തിന്റെ പ്രവർത്തനത്തിലും തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഷീല പറഞ്ഞു. പുഴയുടെ അരികിൽ ഒരു വലിയ കുഴിയുണ്ടായിരുന്നു. അതിലേക്ക് തെന്നിവീഴാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരിടത്ത് നിന്ന് മണ്ണെടുത്ത് ആ കുഴിയിലേക്ക് തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് കൊണ്ടുവന്ന ഡിറ്റക്ടറുകൾ ഒന്നും ഒരു ഉപകാരവുമില്ല. അവ ചെറിയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് എന്നാണ് പറഞ്ഞത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ എന്നും അവർ ചോദിച്ചു.