
കൊല്ലം : പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സംഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.
ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.



