യൂറോപ്യൻ യൂണിയൻ വാർത്തകൾ

വിഖ്യാത ജർമ്മൻ തത്വചിന്തകനും സാമൂഹ്യശാസ്‌ത്രജ്ഞനുമായ യുർഗെൻ ഹേബർമാസ്‌ അന്തരിച്ചു

ബെർലിൻ : വിഖ്യാത ജർമ്മൻ തത്വചിന്തകനും സാമൂഹ്യശാസ്‌ത്രജ്ഞനുമായ യുർഗെൻ ഹേബർമാസ്‌ (96) അന്തരിച്ചു. ജർമനിയിലെ സ്റ്റാർൺബർഗിൽ ശനിയാഴ്‌ചയായിരുന്നു അന്ത്യം. ആധുനിക അക്കാദമിക ചിന്തകളുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഫ്രാങ്ക്‌ഫർട്‌ സ്‌കൂളിലെ പ്രധാനകണ്ണിയായിരുന്നു. ഉത്തരാധുനികതയുടെ മുഖ്യ പ്രയോക്താകളിൽ ഒരാളായിരുന്ന ഹേബർമാസിന്റെ സിദ്ധാന്തങ്ങൾക്ക്‌ ലോകമെമ്പാടും സ്വീകാര്യത ലഭിച്ചിരുന്നു. പൊതുമണ്ഡലത്തിന്റെ വികാസം, ജനാധിപത്യം, മാധ്യമം, ആധുനികതയുടെ പരിണാമം സംവാദാത്മകത തുടങ്ങിയവയെ ആഴത്തിൽ സമീപിച്ച ഹേബർമാസിന്റെ ചിന്തകൾ ലോകത്താകെ സംസ്‌കാരപഠനത്തെയും ചിന്തകളെയും മാറ്റിമറിച്ചു.

1960കളിൽ അദ്ദേഹം പൊതുമണ്ഡലം എന്ന ആശയം മുന്നോട്ടുവച്ചു. ആധുനികത സംവാദത്തിന്റേതായ യുക്തികളിലൂടെ ഒരു സംവാദാത്മക ജനാധിപത്യം രൂപീകരിക്കുമെന്നും ഹേബർമാസ്‌ നീരീക്ഷിച്ചിട്ടുണ്ട്‌. ഫ്രാക്‌ഫർട്‌ സ്‌കൂളിലെ മാർക്‌സിയൻ ചിന്തകരാൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം ഫാസിസത്തിന്റെ ശക്തരായ വിമർശകരിലൊരാളാണ്‌. ജർമ്മനിയിലെ ഫാസിസ്‌റ്റ്‌ പ്രവണതകളെയും ആധുനിക ദേശീയതയെയും നിശിതമായി വിമർശിച്ചു. 1929ൽ ജർമനിയിലെ ഡസർജോൾഫിൽ ജനിച്ച ഹേബർമാസിനെ, ജന്മനാ സംസാരത്തിലുണ്ടായ വൈകല്യം ആശയവിനിമയത്തിന്റെ സാധ്യതകളിലേക്കും ചിന്തകളിലേക്കും നയിച്ചു. ബോൺ സർവകലാശാലയിലും യൂറോപ്പിലെ വിവിധ സർവകലാശാലകളിലുമായി ജീവിതാവസാനം വരെ ഗവേഷണത്തിൽ ഏർപ്പെട്ടു. പത്രപ്രവർത്തകനായും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്‌.

കമ്യൂണിസ്‌റ്റ്‌ നവോത്ഥാന മൂല്യങ്ങളിലൂടെ പൊതുമണ്ഡലത്തിന്റെ രൂപീകരണം ഉണ്ടായ കേരളത്തിലും ഹേബർമാസിന്റെ ആശയങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെടുകയും സ്വാധീനിക്കപ്പെടുകയും ചെയ്‌തു. 2025ൽ അന്തരിച്ച ഉട്ടെ വെസൽഹോഫ്റ്റിനാണ്‌ ഭാര്യ. അന്തരിച്ച ചരിത്രഗവേഷക റെബേക്ക അടക്കം മൂന്ന്‌ മക്കളുണ്ട്‌. സാമൂഹ്യശാസ്‌ത്രത്തിലെ മികച്ച സംഭാവനകൾക്കുള്ള അന്തർദേശീയ അംഗീകാരമായ പിസ്സാര പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. ‘ദ സ്‌ട്രക്‌ചറൽ ട്രാൻസ്‌-ഫർമേഷൻ ഓഫ്‌ പബ്ലിക്ക്‌ സ്‌-പിയർ’, ‘തിയറി ഓഫ്‌ കമ്യ‍ൂണിക്കേറ്റീവ്‌ ആക്ഷൻ’, ‘ബിറ്റ്‌വീൻ ഫാക്‌ട്‌സ്‌ ആൻഡ്‌ നോംസ്‌’, ‘ദ ഫിലോസഫിക്കൽ ഡിസ്‌കോഴ്‌സ്‌ ഓഫ്‌ മോഡേണിറ്റി’ അടക്കം നിരവധി പുസ്‌തകങ്ങളും ഗവേഷണപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button