അന്തർദേശീയം

ഓസ്‌ട്രേലിയയിലെ 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനം; റെഡ്ഡിറ്റ് കോടതിയിൽ

കാലിഫോർണിയ : ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ തുറക്കാൻ 16 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപരമായി വിലക്കുന്ന ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ ആഗോള ഓൺലൈൻ ഫോറമായ റെഡ്ഡിറ്റ് നിയമ പോരാട്ടത്തിന്. സിഡ്‌നി ആസ്ഥാനമായുള്ള അവകാശ സംഘടനയായ ഡിജിറ്റൽ ഫ്രീഡം പ്രോജക്റ്റ് കഴിഞ്ഞ മാസം സർക്കാർ നിക്കത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള റെഡ്ഡിറ്റ് ഇൻ‌കോർപ്പറേറ്റഡ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓസ്ട്രേലിയയുടെ വിലക്ക് നിയമം സോഷ്യൽ മീഡിയ ലോകത്തിൽ തന്നെ ഇത്തരത്തിൽ ആദ്യത്തേതാണ്.

രാഷ്ട്രീയ- ആശയ പ്രകാശന സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കുന്നതിനാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് രണ്ട് കേസുകളും വാദിക്കുന്നു. ഇന്റർനെറ്റിൽ എല്ലാവർക്കും സ്വകാര്യതയും രാഷ്ട്രീയ ആവിഷ്‌കാര അവകാശങ്ങളുമുണ്ടെന്ന് വ്യക്തമാക്കിയ റെഡ്ഡിറ്റ്, കൌമാരക്കാരെ സംരക്ഷിക്കാൻ സർക്കാരിന് കൂടുതൽ ഫലപ്രദമായ മാർഗങ്ങളുണ്ട് എന്ന് ചൂണ്ടി കാട്ടി. ഇതിന് പകരം എളുപ്പത്തിൽ സോഷ്യൽ മീഡിയ മിനിമം ഏജ് (SMMA) നിയമം നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

“16 വയസ്സിന് താഴെയുള്ളവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയോട് യോജിക്കുന്നു. എന്നാൽ ഇതിന്റെ പേരിൽ കടന്നുകയറ്റവും മുൻവിധികളുടെ സ്ഥിരീകരണവുമാണ് നിയമം ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവരെ അവരുടെ പ്രായത്തിനനുസരിച്ചുള്ള കമ്മ്യൂണിറ്റി അനുഭവങ്ങളിൽ (രാഷ്ട്രീയ ചർച്ചകൾ ഉൾപ്പെടെ) ഏർപ്പെടാനുള്ള കഴിവിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ്” കേസ് എന്നും വാദിക്കുന്നു.

പുതിയ നിയമം റെഡ്ഡിറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, കിക്ക്, സ്നാപ്ചാറ്റ്, ത്രെഡ്സ്, ടിക് ടോക്ക്, എക്സ്, യൂട്യൂബ്, ട്വിച്ച് എന്നിവയ്ക്ക് ബുധനാഴ്ച മുതൽ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (32.9 മില്യൺ യുഎസ് ഡോളർ) വരെ പിഴ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം എത്ര അക്കൗണ്ടുകൾ നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് ഡാറ്റ ആവശ്യപ്പെട്ടിട്ടുമുണ്ട്.

നിരവധി യുഎസ് സംസ്ഥാനങ്ങൾ കുട്ടികളുടെ ഇ-സേഫ്റ്റി നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ആ നിയമങ്ങളിൽ പലതും ഭരണഘടനാ പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയ ഇത് ഒരു ദേശീയ പദ്ധതിയായി പ്രാബല്യത്തിലാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button