സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷം; എൽ ഫാഷർ പിടിച്ചെടുത്തെന്ന് വിമതർ

ഖാർത്തും : ആഭ്യന്തര കലാപത്താലും ഉപരോധത്താലും ഇതിനകം തന്നെ നരകമായിത്തീർന്ന സുഡാനിലെ വടക്കൻ നഗരമായ എൽ ഫാഷർ പിടിച്ചെടുത്തതായി അവകാശപ്പെട്ട് വിമതസംഘമായ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്). ഇതെത്തുടർന്ന് കടുത്ത ഭീതിയിലാണ് അവിടെ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാർ.
സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികൾക്കുമെതിരായ ക്രൂരമായ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർ.എസ്.എഫിന്റെ കയ്യിലാണിപ്പോൾ നഗരം. രാജ്യത്തിന്റെ വിശാലമായ പടിഞ്ഞാറൻ മേഖലയായ ദാർഫുറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആർ.എസ്.എഫ് കഴിഞ്ഞ 18 മാസമായി തലസ്ഥാനമായ എൽ ഫാഷറിൽ ഉപരോധം ഏർപ്പെടുത്തിവരികയായിരുന്നു. എൽ ഫാഷറിലെ ‘കൂലിപ്പടയാളി’കളുടെയും ‘മിലിഷ്യകളു’ടെയും പിടിയിൽനിന്ന് നഗരത്തിന്മേൽ നിയന്ത്രണം വ്യാപിപ്പിച്ചതായി അർധ സൈന്യത്തെ പിന്തുണക്കുന്ന പ്രാദേശിക മിലിഷ്യയായ പോപ്പുലർ റെസിസ്റ്റൻസ് പ്രസ്താവനയിൽ പറഞ്ഞു.
ആർ.എസ്.എഫുകാർ നഗരത്തിലേക്ക് കൂടുതൽ അതിക്രമിച്ച് കയറി സാധാരണക്കാർക്ക് രക്ഷപ്പെടാനുള്ള വഴികൾ അടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് യു.എൻ ഹ്യുമാനിറ്റേറിയൻ മേധാവി ടോം െഫ്ലച്ചർ പറഞ്ഞു. അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായം ലഭിക്കാനുള്ള സൗകര്യം, വിട്ടുപോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് സുരക്ഷിതമായ പാത എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ വഴികൾ, നഗരത്തിലെ എല്ലാവർക്കും ആവശ്യമായ സംരക്ഷണം എന്നിവ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആർ.എസ്.എഫ് പറഞ്ഞു.
അതിനിടെ, എൽ ഫാഷറിലെ സുഡാനീസ് പത്രപ്രവർത്തകൻ മുഅമ്മർ ഇബ്രാഹിമിനെ ആർ.എസ്.എഫ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ദാർഫുറിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ആർ.എസ്.എഫ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹത്തെ പിടികൂടിയെന്നാണ് വിവരം.
2023 ഏപ്രിലിൽ തലസ്ഥാനമായ ഖാർത്തൂമിൽ സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള അധികാര പോരാട്ടം തുറന്ന യുദ്ധത്തിലേക്ക് മാറി. അത് രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചതോടെ സുഡാൻ ആഭ്യന്തരയുദ്ധത്താൽ തകർന്നു. സംഘർഷത്തിന്റെ രണ്ടാം വാർഷികത്തിൽ 1.3 കോടി ആളുകൾ കുടിയിറക്കപ്പെട്ടു. 5.1 കോടി ജനസംഖ്യയിൽ പകുതിയോളം പേർക്ക് ഭക്ഷ്യസഹായം ആവശ്യമായി വന്നു.
2025 മാർച്ചിൽ സുഡാൻ സൈന്യം ഖാർത്തൂം തിരിച്ചുപിടിച്ചു. നിരവധി താമസക്കാർക്ക് തിരിച്ചുവരാൻ സാധിച്ചെങ്കിലും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും പോരാട്ടം രൂക്ഷമായി തുടരുകയാണ്. 2024 മെയ് മാസത്തിൽ, പടിഞ്ഞാറൻ ദാർഫുർ മേഖലയിലെ എൽ ഫാഷർ ആർ.എസ്.എഫ് ഉപരോധിച്ചു.
ഈ കാലയളവിൽ കൊടിയ പട്ടിണിയും ക്ഷാമവും ദാർഫുറിനെ വരിഞ്ഞു മുറുക്കി. ഉപരോധത്താലും നരകമായിത്തീർന്ന എൽ ഫാഷറിൽനിന്ന് പതിനായിരക്കണക്കിന് പേർ പലായനം ചെയ്ത് അടുത്തുള്ള തവില നഗരത്തിൽ അഭയം തേടി. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ് ഇവിടെ.
പട്ടിണിക്കു പുറമെ മലേറിയ, മീസിൽസ്, വില്ലൻ ചുമ എന്നിവയും കാട്ടുതീ പോലെ പടർന്നു. പ്രസവത്തിനിടെ എണ്ണമറ്റ സ്ത്രീകൾ മരിക്കുന്നതും വിമത മിലിഷ്യകളാൽ സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നതും പതിവായി. സൈന്യവും ആർ.എസ്.എഫിനും പുറമെ പല താൽപര്യങ്ങളുള്ള വിമത ഗ്രൂപ്പുകളും ഇവിടെ ഉണ്ട്.



