രഞ്ജിയിലെ ആദ്യ പോരില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ അട്ടിമറിച്ച് ബറോഡ
വഡോദര : രഞ്ജി പോരാട്ടത്തിന്‍റെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്‍മാരും കരുത്തരുമായ മുംബൈക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ മത്സരത്തില്‍ മുംബൈയെ ബറോഡ അട്ടിമറിച്ചു. 84 റണ്‍സിന്റെ മിന്നും ജയമാണ് ബറോഡ സ്വന്തമാക്കിയത്.
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബറോഡ മുംബൈ ടീമിനെ വീഴ്ത്തുന്നത്. 1998-99 സീസണിലാണ് അവസാനമായി മുംബൈക്കെതിരെ രഞ്ജിയില്‍ ബറോഡ അവസാനമായി വിജയിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 185 റണ്‍സുമാണ് ബറോഡ നേടിയത്. മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 214 റണ്‍സിനു പുറത്തായി. 76 റണ്‍സ് ലീഡ് വഴങ്ങി മുംബൈക്ക് മുന്നില്‍ ബറോഡ 262 റണ്‍സിന്റെ ലക്ഷ്യം വച്ചു. വിജയം തേടിയിറങ്ങിയ മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പക്ഷേ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. അവരുടെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു.
പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ ഭാര്‍ഗവ് ഭൈരവിന്റെ മിന്നും ബൗളിങാണ് മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ ആറും വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭാര്‍ഗവ് തിളങ്ങിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി സിധേഷ് ലാഡ് അര്‍ധ സെഞ്ച്വറി നേടി. താരം 59 റണ്‍സുടെത്തു. 30 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് തിളങ്ങിയ മറ്റൊരാള്‍. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ നിരയില്‍ ആയുഷ് മഹാത്രെ (52), ഹര്‍ദിക് ടമോര്‍ (40), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (29), ശാര്‍ദുല്‍ ഠാക്കൂര്‍ (27) എന്നിവരാണ് പിടിച്ചു നിന്നത്.
ബറോഡയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ മിതേഷ് പട്ടേല്‍ (86), അതിത് സേത് (66) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയാണ് രണ്ടാം ഇന്നിങ്‌സില്‍ ബറോഡയുടെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി (55) നേടി. മഹേഷ് പിതിയ (40)യും തിളങ്ങി.