രാജസ്ഥാന്റെ രണ്ടാംസ്ഥാന മോഹം മഴയെടുത്തു; ഐ.പി.എൽ പ്ലേഓഫ് ലൈനപ്പായി
ഗുവാഹത്തി: അവസാനമത്സരത്തിലെ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി േപ്ല ഓഫിലിടം പിടിക്കാമെന്ന് കരുതിയ രാജസ്ഥാന്റെ മോഹങ്ങൾ മഴയെടുത്തു. ഏറെനേരം കാത്തിരുന്നിട്ടും മഴ തോരാതിരുന്നതോടെ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
14 മത്സരങ്ങളും പൂർത്തിയായപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 20 പോയന്റുമായി ഒന്നാമതാണ്. സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാനും 17 പോയന്റ് വീതമാണെങ്കിലും റൺറേറ്റിലെ മുൻതൂക്കത്തിൽ ഹൈദരാബാദ് രണ്ടാംസ്ഥാനമുറപ്പിച്ചു. കൊൽക്കത്ത-ഹൈദരാബാദ് ക്വാളിഫയർ മത്സരം മെയ് 21നും ബെംഗളൂരു-രാജസ്ഥാൻ എലിമിനേറ്റർ മെയ് 22നും അരങ്ങേറും. ഇരുമത്സരങ്ങളും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ക്വാളിഫയറിലെ പരാജിതരും എലിമിനേറ്ററിലെ വിജയികളും തമ്മിലുള്ള മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ മെയ് 24ന് നടക്കും.
കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. സീസണിൽ ഉജ്ജ്വലമായി മുന്നേറിയിരുന്ന രാജസ്ഥാൻ അവസാനഘട്ടത്തോടടുക്കുമ്പോൾ പതറുന്ന കാഴ്ചകയാണ് കാണുന്നത്. അവസാന അഞ്ചുമത്സരങ്ങളിൽ നിന്നും നാലുതോൽവികളാണ് രാജസ്ഥാൻ നേരിട്ടത്. അവസാന ആറുമത്സരങ്ങളും വിജയിച്ചുവരുന്ന ആർ.സി.ബിയോടാണ് രാജസ്ഥാന് ഏറ്റുമുട്ടേണ്ടത്.