ഇറാനിയൻ ആക്രമണം : ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു

ദോഹ : ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാസ് ലഫാനിലെ എൽഎൻജി ഉത്പാദന കേന്ദ്രത്തിലാണ് ഡ്രോൺ ആക്രമണം നടന്നത്. മിസൈദിലെ ഒരു പവർ പ്ലാന്റിന്റെ വാട്ടർ ടാങ്കിനെ ലക്ഷ്യമാക്കിയും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഖത്തർ പറഞ്ഞിരുന്നു. ആക്രമണത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പിന്നീട് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദകരിൽ ഒന്നാണ് ഖത്തർ. ഡ്രോൺ ആക്രമണത്തിൽ ആളാപയമുണ്ടായിട്ടില്ലെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഗൾഫ് മേഖലയിലെ ഒമ്പത് രാജ്യങ്ങളിലാണ് ഇറാന്റെ ആക്രമണം. യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിൽ ആക്രമണം. കൂടുതൽ ആക്രമണങ്ങളും മിസൈൽ വേധ സംവിധാനങ്ങൾ തകർത്തു.
ഇന്ന് ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം. 21 ജീവനക്കാരെ രക്ഷിച്ചു. കുവൈത്തിൽ അമേരിക്കയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടത് അബദ്ധത്തിലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. കുവൈറ്റ് സേനയ്ക്ക് അബദ്ധം സംഭവിച്ചതാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു.



