അന്തർദേശീയം

പുലിറ്റ്സർ ജേതാവായ യുദ്ധകാര്യ ലേഖകൻ പീറ്റർ ആർനറ്റ് വിടവാങ്ങി

ലൊസാഞ്ചലസ് : വിയറ്റ്നാം മുതൽ ഇറാഖ് വരെ 4 ദശകത്തിലേറെ യുദ്ധമുഖത്തുനിന്നുള്ള വാർത്തകൾ ലോകത്തെ അറിയിച്ച വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു. വിയറ്റ്നാം യുദ്ധ റിപ്പോർട്ടുകൾക്ക് 1966ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു. പത്രമെഴുത്തിലും ടിവി റിപ്പോർട്ടിങ്ങിലും ഒരുപോലെ ശോഭിച്ച പീറ്റർ, വിയറ്റ്നാമിൽ 1962 മുതൽ 1975 വരെ അസോഷ്യേറ്റ് പ്രസിന്റെ (എപി) യുദ്ധകാര്യ ലേഖകനായിരുന്നു. 1981 ൽ സിഎൻഎൻ ചാനലിൽ ചേർന്നു.

1990 ൽ ആദ്യ ഗൾഫ് യുദ്ധത്തിൽ സിഎൻഎന്നിനു വേണ്ടി ഇറാഖിൽനിന്നു നൽകിയ തൽസമയ റിപ്പോർട്ടുകൾ ലോകശ്രദ്ധ നേടി. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ, അൽ ഖായിദ മേധാവി ഉസാമ ബിൻ ലാദൻ എന്നിവരുമായി അഭിമുഖം നടത്തി. 1999 ൽ സിഎൻഎൻ വിട്ടശേഷം 2003 ൽ എൻബിസിക്കു വേണ്ടി രണ്ടാം ഇറാഖ് യുദ്ധവും റിപ്പോർട്ട് ചെയ്തു. യുഎസ് സേനയെ വിമർശിച്ച് ഇറാഖ് ടിവിക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ എൻബിസിയിൽനിന്നു പുറത്തായി. ബൽജിയം, തായ്‌ലൻഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും പിന്നീടു ലേഖകനായിരുന്നു. 2014 ൽ വിരമിച്ചശേഷം തെക്കൻ കലിഫോർണിയയിലായിരുന്നു താമസം.

ന്യൂസീലൻഡിലെ റിവർടണിൽ ജനിച്ച പീറ്റർ ഹൈ സ്കൂൾ പഠനത്തിനുശേഷം പ്രാദേശിക പത്രത്തിൽ ലേഖകനായാണു തുടക്കം. തുടർന്നു തയ്‌ലൻഡിലെ ബാങ്കോക്ക് വേൾഡിൽ ലേഖകനായി. പിന്നീടാണ് എപിയുടെ റിപ്പോർട്ടായത്. യുദ്ധരംഗത്തെ സ്മരണകളായ ‘ലൈവ് ഫ്രം ദ് ബാറ്റിൽഫീൽഡ്’ 1995ൽ പ്രസിദ്ധീകരിച്ചു.

ഇറാഖിൽ യുഎസ് ആക്രമണം തുടങ്ങുന്നതിനു മുൻപേ തന്നെ ബഗ്ദാദിലെ ഏതാണ്ട് എല്ലാ പാശ്ചാത്യ ലേഖകരും സ്ഥലംവിട്ടിരുന്നു. എന്നാൽ, ആർനറ്റ് ബഗ്ദാദിൽ തുടർന്നു. നഗരത്തിനുമേൽ മിസൈലുകൾ പെയ്യുമ്പോൾ, ഹോട്ടൽമുറിയിൽ നിന്നാണ് അദ്ദേഹം തൽസമയം റിപ്പോർട്ട് ചെയ്തത്. ‘എന്റെയടുത്ത് ഒരു സ്ഫോടനം ഉണ്ടായിട്ടുണ്ട്, നിങ്ങൾക്കതു കേൾക്കാം’– ക്യാമറയ്ക്കുനേരെ നോക്കി അദ്ദേഹം ശാന്തമായി പറയുന്നത് വീർപ്പടക്കിയാണു ലോകം കണ്ടത്.

ഇറാഖിലേക്കാൾ അപകടകരമായ സാഹചര്യങ്ങളിൽ വിയറ്റ്നാമിൽ ഒരു ദശകത്തിലേറെയാണ് അദ്ദേഹം ലേഖകനായി ചെലവഴിച്ചത്. 1966 ൽ ആർനറ്റ് ഒരു സംഘം യുഎസ് സൈനികർക്കൊപ്പം ഉത്തര വിയറ്റ്നാമിലെ വനമേഖലയിലൂടെ നീങ്ങുകയായിരുന്നു. ബറ്റാലിയൻ കമാൻഡർ ഭൂപടം നിവർത്തി പരിശോധിക്കുന്നതിനിടെ വെടിയൊച്ചകൾ മുഴങ്ങി. ഭൂപടം കീറിമുറിച്ച് 4 ബുള്ളറ്റുകൾ കടന്നുപോയി. തന്റെ കൺമുന്നിലാണ് കമാൻഡർ വീണുമരിച്ചതെന്ന് ആർനറ്റ് 2015 ലെ ഒരു പ്രഭാഷണത്തിൽ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button