അന്തർദേശീയം

ഇറാനിൽ ആളിക്കത്തി പ്രതിഷേധം; മരണസംഖ്യ 500 കടന്നു

ടെഹ്‌റാൻ : റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

10,600ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാർക്ക് പിന്തുണയുമായി ലോകമെമ്പാടും മാർച്ചുകളും അരങ്ങേറുന്നുണ്ട്. ലണ്ടൻ, പാരിസ്, ഇസ്താംബുൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാർച്ചുകൾ അരങ്ങേറുന്നത്.

ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടേക്കും എന്ന സൂചനകൾ പുറത്തുവരുന്നതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് നോക്കിനിൽക്കില്ല എന്നും ഇറാനിൽ ആക്രമണം നടത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനായി തങ്ങൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും മേഖലയിലെ യുഎസ് സൈനികർ ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ ട്രംപിന് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ളാഹ് ഖമനയിയും രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ട്രംപിനെ ‘അഹങ്കാരി’ എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിന്റെ കരങ്ങളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരെയും പ്രതികരിച്ച ഖമനയി ട്രംപിനെ സന്തോഷിപ്പിക്കാൻ വേണ്ടി പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button