ജെന്‍സീ നേതാവിന്റെ മരണം : ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം

ധാക്ക : വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലദേശില്‍ വ്യാപക പ്രക്ഷോഭം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ ഹാദിയുടെ മരണവാര്‍ത്ത വന്നതിന് പിന്നാലെ രാജ്യത്ത് പല ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ അരങ്ങേറി.
രാജ്യതലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. മാധ്യമ ഓഫിസുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്കു തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലദേശി പത്രങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്‌ലി സ്റ്റാര്‍, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികള്‍ തീയിട്ടു.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്കു കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മിഷന്‍ ഓഫിസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
2024ല്‍ ബംഗ്ലദേശില്‍ ഷേഖ് ഹസീന സര്‍ക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി. ഡിസംബര്‍ 12നാണ് ഹാദിക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി സിംഗപ്പുരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ഹാദി മരിച്ച വിവരം വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഹൃദയഭേദകമായ വാര്‍ത്തയാണെന്നും ജനങ്ങള്‍ യാഥാര്‍ഥ്യം അംഗീകരിച്ചെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ബംഗ്ലദേശിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനിസ് അഭ്യര്‍ഥിച്ചിരുന്നു.



