ഗാസക്കാരായ 6 പേരെ ഹമാസ് വധിച്ചെന്ന് റിപ്പോർട്ട്: നിരവധി പേരെ തട്ടിക്കൊണ്ടു പോയെന്നും ആരോപണം

ടെൽ അവീവ് : പലസ്തീനിൽ ഹമാസിനെതിരെ പ്രതിഷേധിച്ച ആറുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ഗാസക്കാർ ഹമാസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം. നിരവധിപേരെ പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടു പോയതായും കാണാനില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
ഒരു വർഷത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ മാത്രം അര ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് ഗാസ സാക്ഷിയായത്. ഹമാസ് ഗാസയുടെ അധികാരം ഒഴിയണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകളും പുരുഷന്മാരും അടക്കം സമര രംഗത്തിറങ്ങി. യുദ്ധം വേണ്ടതും ഹമാസ് വേണ്ടെന്നും അവർ മുദ്രാവാക്യം മുഴക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ പ്രതിഷേധം കെട്ടടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് ഗാസയിൽ നിന്ന് ആളുകളെ കാണാതായി തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും, ഹമാസിനെതിരെ ശബ്ദിക്കുകയും ചെയ്ത 22 വയസ്സുകാരനായ ഒഡേ നാസർ അൽ റബൈ കൊല്ലപ്പെട്ടവരിൽ ഒരാളാണ്. ഇയാളെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഗാസ സിറ്റിയിലെ ടെൽ അൽ ഹവായിലെ വീട്ടുമുറ്റത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഗാസയിലെ നസ്രത്ത് അഭയാർത്ഥി ക്യാമ്പിൽ 22 കാരനായ മറ്റൊരു യുവാവിനെ ഇരുകാലുകളിലും വെടിത്ത ശേഷം പരസ്യമായി കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകൾ ആയുധമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ലോകമാകെ ഹമാസിനെതിരായ പ്രചാരണത്തിന് ഇത് ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്.