അഞ്ച് പതിറ്റാണ്ടിലേറെയായി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻറെ വിവരങ്ങൾ പുറത്തുവിട്ട് പ്രോസിക്യൂഷൻ

പാരിസ് : അഞ്ച് പതിറ്റാണ്ടിലേറെയായി ഒൻപത് രാജ്യങ്ങളിലായി 89 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 79-കാരനായ ഫ്രഞ്ച് മുൻ അധ്യാപകന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വച്ച് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ജാക്വസ് ലെവുഗിൾ എന്നയാളെക്കുറിച്ചുള്ള വിവരങ്ങളാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർ എറ്റിയെൻ മാന്റോ വെളിപ്പെടുത്തിയത്. കൂടുതൽ ഇരകളോ സാക്ഷികളോ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
1967-നും 2022-നും ഇടയിലാണ് ലെവുഗിൾ ഈ കുറ്റകൃത്യങ്ങൾ ചെയ്തത്. ഇന്ത്യ, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, നൈജർ, അൾജീരിയ, ഫിലിപ്പീൻസ്, കൊളംബിയ, ന്യൂ കാലിഡോണിയ എന്നീ രാജ്യങ്ങളിൽ ഫ്രഞ്ച് അധ്യാപകനായും ഇൻസ്ട്രക്ടറായും ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ 13-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയത്. വിദേശ ഭാഷകൾ പഠിപ്പിച്ചും സാംസ്കാരിക അവബോധം നൽകിയും കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം.
ഇയാൾ കുട്ടികളുമായി നടത്തിയ “ലൈംഗിക ബന്ധങ്ങളെ” കുറിച്ച് വിശദമായി എഴുതി സൂക്ഷിച്ച ഒരു യുഎസ്ബി ഡ്രൈവ് ബന്ധുവായ യുവാവ് കണ്ടെത്തിയതോടെയാണ് ഈ ക്രൂരതകൾ പുറംലോകമറിഞ്ഞത്. ഇയാളുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് മാത്രം 89 ഇരകളെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ പലരുടെയും വിവരങ്ങൾ അപൂർണ്ണമായതിനാൽ ഇരകളെ കണ്ടെത്താൻ പ്രോസിക്യൂഷൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.
പീഡനവിവരങ്ങൾക്ക് പുറമെ, തന്റെ അമ്മയെയും അമ്മായിയെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കാൻസർ ബാധിതയായിരുന്ന അമ്മയെയും തന്നെ വിട്ടുപോകരുതെന്ന് അപേക്ഷിച്ച 92 വയസ്സുള്ള അമ്മായിയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. 2024 മുതൽ ഇയാൾ ജയിലിൽ കഴിയുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അധികൃതർ പ്രത്യേക ഹോട്ട്ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.



