ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ ടേക്ക് ഓഫിനിടെ സ്വകാര്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. നാല് യാത്രികരും രണ്ട് പൈലറ്റുമാരും സഞ്ചരിച്ച വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഭോപാലിലേക്ക് പറക്കാനായി ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് ചെറുവിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ സ്ട്രിപ്പിന്റെ മതില് ഇടിക്കാതെ തൊട്ടടുത്ത് പോയി നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഫാറൂഖാബാദിനെ മുഹമ്മദാബാദ് എയര്‍ സ്ട്രിപ്പിലായിരുന്നു സംഭവം. ജെഫ്ഫ്സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന് വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. റണ്‍വെ വിട്ട് പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വുഡ്പെക്കര്‍ ഗ്രീന്‍ അഗ്രി ന്യൂട്രിപാഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അജയ് അറോറ, എസ്ബിഐ ഉദ്യേഗസ്ഥരായ സുമിത് ശര്‍മ്മ, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) രാകേഷ് ടിക്കു, യുപി പ്രോജക്ട് ഹെഡ് മനീഷ് പാണ്ഡെ എന്നിവരായിരുന്നു വിമാനത്തിലെ യാത്രികര്‍. ഖിംസെപൂര് വ്യാവസായിക മേഖലയിലെ വരാനിരിക്കുന്ന ബിയര്‍ നിര്‍മ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടല പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഇവര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എയര്‍ സ്ട്രിപ്പില്‍ എത്തിയത്. അപകടത്തിന് പിന്നാലെ യാത്രികര്‍ കാര്‍ മാര്‍ഗം മടങ്ങി.