ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ രാജകീയ പദവികൾ ഉപേക്ഷിച്ചു

ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ (65) രാജകീയ പദവികൾ ഉപേക്ഷിച്ചു. യോർക്ക് പ്രഭു പദവിയും ഉപേക്ഷിച്ചെങ്കിലും രാജകുമാരൻ എന്ന് തുടർന്നും അദ്ദേഹം അറിയപ്പെടും. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ജോർജ് അഞ്ചാമൻ രാജാവ് 1917-ൽ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ൽ പുതുക്കിയതുമായ ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം അദ്ദേഹത്തിന് രാജകുമാരൻ എന്ന പദവി നിലനിർത്താൻ സാധിക്കും. ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. എന്നാൽ രാജകുമാരിമാർ എന്ന പദവി മക്കളായ ബിയാട്രീസിനും യൂജിനിനും തുടർന്നും ലഭിക്കും. ആൻഡ്രുവിനും കുടുംബത്തിനും വിൻഡ്സറിലെ കൊട്ടാരത്തിൽ തുടർന്നും താമസിക്കാം.
യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരിൽ ആൻഡ്രൂ രാജകുമാരൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. വിവാദങ്ങളല്ലാം തള്ളിക്കളഞ്ഞ ആൻഡ്രൂ രാജകുമാരൻ, ചാൾസ് രാജാവ് ഉൾപ്പെടെയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് തീരുമാനമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് പദവികൾ ഉപേക്ഷിക്കുന്നതെന്നും എന്നാൽ പദവികൾ ഉപേക്ഷിക്കുന്നത് രാജകുടുംബത്തിന്റെ താൽപര്യം കണക്കിലെടുത്തു മാത്രമാണെന്നും ആൻഡ്രൂ രാജകുമാരൻ പറഞ്ഞു.