അന്തർദേശീയം

മാലിയിൽ ഇന്ത്യൻ സഹായത്തോടെ പണിത അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു

മാലെ : ഏറെനാൾ നയതന്ത്ര അകൽച്ചയിലായിരുന്ന മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു പങ്കെടുത്തു.

2019-ലെ ഇന്ത്യ-മാലദ്വീപ് ഉടമ്പടിപ്രകാരം ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളറിന്റെ (ഏകദേശം 7096 കോടി രൂപ) ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉപയോഗിച്ച് നിർമിച്ചതാണ് ഈ വിമാനത്താവളം. ആവശ്യക്കാർക്ക് നിശ്ചിതതുക പലിശരഹിത വായ്പയായി നൽകുന്ന രീതിയാണ് എൽഒസി. തിരിച്ചടച്ചാൽ വീണ്ടും കടമെടുക്കാനും കഴിയും എന്നതാണ് പ്രത്യേകത. ഇന്ത്യൻ കമ്പനിയായ ജെഎംസി പ്രൊജക്ട്സിനാണ് 13.66 കോടി ഡോളറിന് (ഏകദേശം 1211 കോടി രൂപ) വിമാനത്താവള വികസനത്തിനുള്ള കരാർ മാലദ്വീപ് നൽകിയത്.

ഇന്ത്യയും മാലദ്വീപും തമ്മിൽ 60 വർഷമായി നിലനിൽക്കുന്ന നയതന്ത്രബന്ധത്തിന്റെ സ്മാരകമാണ് ഈ വിമാനത്താവളമെന്ന് മുയിസു പറഞ്ഞു. അയൽപക്കമാദ്യം, മഹാസാഗർ തുടങ്ങിയ സ്വന്തം നയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് പദ്ധതിയെന്ന് മാലദ്വീപിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം എക്‌സിൽ കുറിച്ചു.

ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപ് സന്ദർശിച്ചിരുന്നു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചർച്ചകൾക്ക് അന്ന് തുടക്കമായിരുന്നു.

ചൈനാ അനുകൂലിയും ഇന്ത്യാവിരുദ്ധനുമായ മുയിസു 2023 നവംബറിൽ അധികാരത്തിലെത്തിയതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് മുയിസു ഇന്ത്യാവിരുദ്ധനിലപാടുകൾ മയപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button