യൂറോപ്യൻ യൂണിയൻ വാർത്തകൾ

നോര്‍വെയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം

ഓസ്‌ലോ : നോര്‍വെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ നിലവിൽ വ്യക്തതയില്ലെന്ന് ഓസ്‌ലോ പൊലീസ് അറിയിച്ചു. ശക്തമായ സ്ഫോടന ശബ്ദം കേൾക്കുകയും ആ പ്രദേശത്ത് നിന്ന് പുക ഉയര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കൻ എംബസിയിൽ സ്ഫോടനം നടന്നതായി ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോര്‍വെ പൊലീസ് വക്താവ് മൈക്കൽ ഡെല്ലെമിർ വ്യക്തമാക്കി. കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നത്. ആരാണ് പിന്നിലെന്ന് അന്വേഷിച്ച് വരികയാണ്. ആ പ്രദേശത്തുനിന്ന് മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡെല്ലമിർ പറഞ്ഞു.

“പൊലീസും എംബസിയും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്, ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല”- ഓസ്‌ലോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.

സ്ഫോടനം നടന്ന എംബസിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. അതേസമയം മിഡിൽ ഈസ്റ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടനത്തിന് ബന്ധമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button