ഇറാനിലെ ജനകീയ പ്രതിഷേധം പടരുന്നു; 27 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : അതിരൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രതിഷേധം പടരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ പ്രായപൂർത്തിയാകാത്ത അഞ്ച് പേരുൾപ്പെടെ 27 പ്രക്ഷോഭകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ടെഹ്റാനിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഗ്രാൻഡ് ബസാർ കേന്ദ്രീകരിച്ചാണ് നിലവിൽ സംഘർഷം കടുക്കുന്നത്. സുരക്ഷാ സേന ആയിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുന്നത് കൂടാതെ പ്രക്ഷോഭകർക്ക് നേരെ വെടിവയ്ക്കുന്നതായും ആരോപണമുണ്ട്. ഇലാം പ്രവിശ്യയിലെ മാലെക്ഷാഹി ജില്ലയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്ന് ആറ് പേർ കൊല്ലപ്പെട്ടു.
പരിക്കേറ്റ പ്രക്ഷോഭകരെ പിടികൂടാൻ സുരക്ഷാ സേന ആശുപത്രികളിൽ റെയ്ഡ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ വെടിയേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാനിയൻ അധികൃതർ അറിയിച്ചു. സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ‘കലാപകാരികൾക്ക്’ നേരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇറാൻ ജുഡീഷ്യറി തലവൻ മുന്നറിയിപ്പ് നൽകി.
2022-2023 കാലഘട്ടത്തിൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഡിസംബർ 28-ന് ടെഹ്റാൻ ബസാറിലെ വ്യാപാരികൾ ആരംഭിച്ച കടയടപ്പ് സമരം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് കുർദ്, ലോർ ന്യൂനപക്ഷങ്ങൾ വസിക്കുന്ന പടിഞ്ഞാറൻ ഇറാനിലേക്ക് വ്യാപിക്കുകയായിരുന്നു. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചതാണ് പുതിയ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയത്.
പിന്നാലെ സുരക്ഷാ സേനയുടെ അടിച്ചമർത്തലിനെതിരെയും പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിക്കെതിരെയും പ്രക്ഷോഭകർ രംഗത്തിറങ്ങി. ‘ഇതാണ് അവസാന സന്ദേശം, ഭരണകൂടം തന്നെയാണ് ലക്ഷ്യം’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് പുറമെ പുറത്താക്കപ്പെട്ട പഴയ രാജഭരണത്തെ അനുകൂലിച്ചും ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടും മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ട്. ഖമനേയിയെ പുറത്താക്കുമെന്ന മുന്നറിയിപ്പും പ്രക്ഷോഭകർ ഉയർത്തുന്നുണ്ട്.
അതേസമയം, പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഇറാഖിലെ ഷിയാ സായുധ സംഘങ്ങൾ എത്തിയതായി റിപ്പോർട്ടുകളുണ്ട്. 800-ഓളം ഇറാഖി മിലിഷ്യ അംഗങ്ങളെ തീർത്ഥാടകരെന്ന വ്യാജേന ഇറാനിലേക്ക് എത്തിച്ചതായും അവർ അഹ്വാസിലെ സൈനിക താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായും വാർത്തകൾ പുറത്തുവന്നു.



