അന്തർദേശീയം

സൈബർ അപ്പസ്‌തോലൻ കാര്‍ലോ അക്യുട്ടിസിനെ മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും

 

വത്തിക്കാന്‍ സിറ്റി : ഓണ്‍ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിന് ‘ഗോഡ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസിനെ ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ ഇന്ന് (ഞായറാഴ്ച) വിശുദ്ധനായി പ്രഖ്യാപിക്കും. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങിന് ആയിരങ്ങള്‍ സാക്ഷികളാകും.

ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനില്‍ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളര്‍ന്നത്. സ്വയം കംപ്യൂട്ടര്‍ കോഡിങ് പഠിച്ചു. കത്തോലിക്കാസഭയിലെ അദ്ഭുതപ്രവൃത്തികളും മറ്റുകാര്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതും ഈ വൈദഗ്ധ്യം അദ്ദേഹം ഉപയോഗപ്പെടുത്തി. ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയില്‍ ചില്ലുശവകുടീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ട് അദ്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്തില്‍ നടന്നിട്ടുണ്ടെന്ന് വത്തിക്കാന്‍ അംഗീകരിച്ചതാണ് വിശുദ്ധപദവിയിലേക്കു വഴിതുറന്നത്. ‘സൈബര്‍ അപ്പസ്‌തോലന്‍’ എന്നും വിളിപ്പേരുള്ള അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020-ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു. 1925-ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെയും ഞായറാഴ്ച വിശുദ്ധനായി വാഴിക്കുന്നുണ്ട്.

കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് 2006-ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദബാധിതനായി അന്തരിച്ച അക്യുട്ടിസ്. 1986-നും 96-നുമിടയില്‍ ജനിച്ചവരെയാണ് മിലേനിയല്‍സ് എന്നു വിളിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button