യൂറോപ്യൻ യൂണിയൻ വാർത്തകൾ

പശ്ചിമേഷ്യൻ പ്രശ്‌നത്തിൽ പരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം : മാർപാപ്പ

ഇസ്തംബൂൾ : ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം മാത്രമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനത്തിന് ശേഷം ലബനാനിലേക്കുള്ള യാത്രക്കിടെയാണ് പോപ് ഇക്കാര്യം പറഞ്ഞത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടിക്കാഴ്ചയിൽ ഗസ്സ, യുക്രൈൻ യുദ്ധങ്ങൾ പരാമർശിച്ചോയെന്ന ചോദ്യത്തിന് ഇരു സംഘർഷങ്ങളും അവസാനിപ്പിക്കാൻ തുർക്കിക്ക് നിർണായക പങ്കുവഹിക്കാനാവും എന്നായിരുന്നു പ്രതികരണം.

ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ കിഴക്കൻ ജറുസലേം, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കണമെന്നാണ് വത്തിക്കാന്റെ ദീർഘകാല നിലപാട്. ഈ ഘട്ടത്തിൽ ഇസ്രായേൽ അത് അംഗികരിക്കുന്നില്ലെന്ന് നമുക്കറിയാം. എന്നാൽ ഇതിന് മാത്രമാണ് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയുക. ഇസ്രായേലിന്റെയും സുഹൃത്താണ് വത്താൻ. അതുകൊണ്ട് എല്ലാവർക്കും നീതി എന്ന തത്ത്വത്തിലൂന്നി ഇരു കൂട്ടരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പോപ് കൂട്ടിച്ചേർത്തു.

അതേസമയം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് തുർക്കി സന്ദർശനത്തിനിടെ പോപ്പ് ഒരു പരാമർശവും നടത്തിയില്ല. ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന പോപ്പിന്റെ നിലപാടിനോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് കൂടുതൽ അവസരം നൽകലാവുമെന്നും ഇത് ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും അതുകൊണ്ട് സ്വതന്ത്ര ഫലസ്തീൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.

ലബനാനിലെത്തിയ പോപ്പ് അറബ് ലോകത്തെ ഏക ക്രിസ്ത്യൻ രാഷ്ട്രത്തലവനായ ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മന്ത്രിമാരെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്യും. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് പോപ്പിനെ കാണാനും ആശീർവാദം വാങ്ങാനും എത്തിയത്. ലബനാൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബെയ്‌റൂത്തിൽ ഒരു വലിയ കുർബാനയും പോപ്പ് നടത്തുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലബനാൻ ജനസംഖ്യയുടെ 30 ശതമാനവും ക്രിസ്ത്യാനികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button