സഭയ്ക്കകത്തും പുറത്തും നവീകരണത്തിന്റെ വക്താവ് , ലാളിത്യത്തിന്റെ തെളിച്ചംകൊണ്ട് ലോകഹൃദയത്തിൽ ഇടംനേടിയ പാപ്പാ

ലാളിത്യം കൊണ്ട് ലോകത്തിന്റെ ഹൃദയത്തിൽ ഇടം പിടിച്ച മാർപാപ്പയാണ് വിട പറയുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകുമ്പോൾ വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. അവിടം മുതൽ തന്നെ മാറ്റത്തിന്റെ മുഴക്കം പ്രകടമായിരുന്നു.
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യത്തെ മാർപാപ്പയെന്ന വിശേഷണത്തോടെയാണ് അധികാരത്തിലേറിയത്. സഭയ്ക്കകത്തും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ജീവന്റെ അവസാന കണിക നിലയ്ക്കും വരെയും അദ്ദേഹം അശരണർക്കും പാവപ്പെട്ടവർക്കുമൊപ്പം നിന്നു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. അധികാരമേറ്റതിനു ശേഷം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അതു മാത്രമല്ല യുദ്ധം, ഭീകരത, ആഗോള താപനം തുടങ്ങി ലോകത്തെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.