കടുത്ത ശ്വാസതടസവും കഫക്കെട്ടും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റോം : ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത് എന്ന് വത്തിക്കാന്‍ അറിയിച്ചു. രണ്ട് തവണ ശ്വാസതടസമുണ്ടായി. കൃത്രിമശ്വാസം നല്‍കുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു.
17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. മാര്‍പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ആസ്തമയ്ക്ക് സമാനമായ ബ്രോങ്കോസ്പാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രക്തപരിശോധന ഫലത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. അണുബാധയ്ക്കെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ശ്വാസതടസമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.