അന്തർദേശീയം

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്; അവസാനമായി കാണാൻ അണമുറിയാത്ത ജനപ്രവാഹം

വത്തിക്കാൻ സിറ്റി : നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ​ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു തിരികെ കൊണ്ടു പോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസലിക്കയിലെത്തിച്ച് സംസ്കരിക്കും.

പൊതു ദർശന സമയത്ത് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇന്നലെ അർധ രാത്രിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കിടത്തിയ പേടകം അടച്ചു. ആചാരമനുസരിച്ച് പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടു മൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ലഘു വിവരണവും പേടകത്തിനുള്ളിൽ വച്ചു.

അമേരിക്കയിൽ നിന്നുള്ള കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യ കാർമികത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കിനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാൻ എത്തി. സംസ്കാര ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണാനന്തരമുള്ള നടപടികളുടേയും ശുശ്രൂഷകളുടേയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താത്പര്യമെടുത്തു പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച മൂന്ന് പെട്ടികൾക്കുള്ളിലായി പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നു അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇന്ന് നടക്കുന്ന ദിവ്യബലിയിൽ ലേക നേതാക്കൾ പങ്കെടുക്കും. കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അ​ഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button