അന്തർദേശീയം

ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

റോം : ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് പുറത്തിറങ്ങി. ചൊവ്വാഴ്ച 80 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. 320 പേജുകളാണ് പുസ്തകത്തിനുള്ളത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിന്റെ സ്പെയിനിലെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ഹോപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാലോ മൂസോയുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആറ് വർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആത്മകഥ രചിച്ചിരിക്കുന്നത്.

ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മാർപാപ്പയുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കത്തോലിക്കാസഭ പ്രത്യാശയുടെ വര്‍ഷമായി ആചരിക്കുന്ന ഈ വർഷം തന്നെ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.

സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിള്‍ നന്നാക്കാനുള്ള പണം നല്‍കാന്‍ സഹപാഠിയെ നിര്‍ബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. എന്നാല്‍ പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകള്‍ ഹോപ്പിലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അര്‍ജന്റീനയിലെ കോര്‍ഡോബയില്‍ ചെലവിട്ട കാലവും ജര്‍മനിയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.

2013 മാര്‍ച്ചില്‍ തന്നെ മാര്‍പാപ്പയായി തെരഞ്ഞെടുക്കാന്‍ നടത്തിയ കോണ്‍ക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. ആദ്യ വോട്ടെടുപ്പുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നാലാംവട്ടത്തില്‍ 69 വോട്ടു കിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. 115 കര്‍ദിനാള്‍മാരില്‍ 77 പേരുടെ വോട്ടു കിട്ടുന്നയാളാണ് മാര്‍പാപ്പയാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button