സൈബർ അപ്പസ്‌തോലൻ കാര്‍ലോ അക്യുട്ടിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി : ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയല്‍ തലമുറയാണ്. ജെന്‍ വൈ എന്നറിയപ്പെടുന്ന തലമുറയിലെ ആദ്യ വിശുദ്ധനാണ് കാര്‍ലോ അക്കുത്തിസ്. ഇറ്റലിക്കാരനായ ജോര്‍ജിയോ ഫ്രാസെറ്റിയെയും വിശുദ്ധനായി പ്രഖ്യാപിച്ചു.
വത്തിക്കാന്‍ സിറ്റി : കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിശ്വാസപ്രചാരണത്തിനുള്ള ശക്തമായ മാര്‍ഗങ്ങളാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് കാര്‍ലോ അക്കുത്തിസ്. 2006ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണ് കാര്‍ലോ മരിച്ചത്. ലണ്ടനില്‍ ജനിച്ച് ഇറ്റലിയിലെ മിലാനില്‍ വളര്‍ന്ന കാര്‍ലോ പതിനൊന്നാം വയസ്സിലാണ് അസീസിലെ തന്റെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ച് വിശ്വാസപ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് ക്രൈസ്തവ സഭ അംഗീകരിച്ച അത്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി. പിന്നീട്, വെബ്സൈറ്റ് നിര്‍മ്മിച്ചതോടെ കാര്‍ലോ പ്രശസ്തിയിലേക്കുയര്‍ന്നു. ‘ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’ എന്നാണ് കാര്‍ലോ വിശേഷിപ്പിക്കപ്പെടുന്നത്. പാന്‍ക്രിയാസിന് രോഗം ബാധിച്ച ബ്രസീലിയന്‍ കുട്ടിയുടെ രോഗം കാര്‍ലോയുടെ മധ്യസ്ഥതയില്‍ സുഖപ്പെട്ടുവെന്നാണ് വിശ്വാസം.
തുടര്‍ന്ന് 2020-ല്‍ കാര്‍ലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അപകടത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കോസ്റ്ററിക്കയില്‍ നിന്നുള്ള വലേറിയ എന്ന കൗമാരക്കാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് കാര്‍ലോയുടെ മധ്യസ്ഥതയിലെന്ന് സഭ കണക്കിലെടുത്തു. ഇത് രണ്ടാമത്തെ അത്ഭുതമായി സഭ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം. കഴിഞ്ഞ ഏപ്രില്‍ 27-ന് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കാനിരുന്നുവെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. ഇറ്റലിയിലെ അസീസിയില്‍ കാര്‍ലോ അക്കുത്തിസിന്റെ ഭൗതികശരീരം മെഴുക് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന പള്ളി ഇതുവരെ പത്തു ലക്ഷത്തിലധികം പേരാണ് സന്ദര്‍ശിച്ചിട്ടുള്ളത്.