കേരളം

പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്; അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് സുനില്‍ കുമാര്‍

തിരുവനന്തപുരം : പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. സിപിഐ നേതാവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍ കുമാര്‍ വിവരാകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് മറുപടി. വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നുണ്ടെന്നും അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ പറയുന്നു.വിഷയത്തില്‍ അപ്പീല്‍ നല്‍കുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

വിവരവകാശ നിയമത്തിലെ 24 ാം വകുപ്പ് പ്രകാരം സീക്രസി ആയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നതുകൊണ്ട് 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഇത്തരം വിവരങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ട് ഈ വിവരം പുറത്തുവിടാന്‍ സാധിക്കില്ല എന്ന വിവരമാണ് കിട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മേലധികാരികള്‍ക്ക് അപ്പീല്‍ കൊടുക്കാനുള്ള പ്രൊവിഷന്‍ ഉള്ളതുകൊണ്ട് 30 ദിവസത്തിനകം അപ്പീല്‍ കൊടുക്കാമെന്നും മറുപടിയില്‍ ഉണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

പൂരം കലക്കലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ മൂന്ന് തലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അന്വേഷണ ഉത്തരവിന്റെ കോപ്പിയും അയച്ച് നല്‍കിയിട്ടുണ്ട്. ഈ രണ്ട് കാര്യങ്ങളും പരിശോധിച്ച് നിയമവശം പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button