ദേശീയം

‘ഡൽഹി ചലോ’ മാർച്ച് : ഹരിയാന അതിർത്തിയിൽ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ച് തടഞ്ഞ് പൊലീസ്; മാർച്ച് അവസാനിപ്പിച്ചെന്ന് കർഷക നേതാക്കൾ

ന്യൂഡൽഹി : പഞ്ചാബിലെ കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞ് പൊലീസ്. കർഷകർക്ക് നേരെ ഹരിയാന അതിർത്തി സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ വെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. സംഘർഷം കനത്തതോടെ ഇന്നത്തേക്ക് മാർച്ച് അവസാനിപ്പിച്ചു. കണ്ണീർ വാതക പ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റതിനാലാണ് മാർച്ച് അവസാനിപ്പിച്ചതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

“ഇന്നത്തെ സമരം ഞങ്ങൾ അവസാനിപ്പിക്കുന്നു. ഒരുപാട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവർക്ക് നേരെയും കണ്ണീർ വാതക പ്രയോഗം ഉണ്ടായി. ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്,” കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ മാധ്യമങ്ങളോട് പറഞ്ഞു.

മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് ഉച്ചയോടെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. 101 കർഷകരുടെ ഒരു സംഘമാണ് ശംഭു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്നും പുറപ്പെട്ടത്. എന്നാൽ അതിർത്തി കടക്കാൻ അനുവദിക്കാതെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ അടുത്ത ആഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. അംബാലയിലെ ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌റ, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു ഗ്രാമങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.

അതേസമയം ചർച്ചകൾ നടത്താൻ തയ്യാറാണെന്നും, കർഷകർക്കായി എപ്പോഴും വാതിലുകൾ തുറന്ന് കിടക്കുന്നുവെന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗധരി പറഞ്ഞു. “ഞാനും അവരുടെ സഹോദരനാണ്, അവർക്ക് വരണമെങ്കിൽ വാതിലുകൾ ഇവിടെ തുറന്നിരിക്കുന്നു. ഞങ്ങൾ അവിടെ പോകണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അവർക്കിടയിലേക്ക് പോയി സംസാരിക്കാം,” അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button