കേരളം

ക്യാപിറ്റാലെക്‌സ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൊച്ചിയിലെ 26 കോടിയുടെ തട്ടിപ്പിന് ആസൂത്രണം നടന്നത് സൈപ്രസിലെന്ന് പൊലീസ്

കൊച്ചി : കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ ‘സൈപ്രസ് മാഫിയ’ എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോര്‍ണിയയിലാണ് സ്ഥാപനം രജീസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ ഒന്നിലേറെ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയമുണ്ട്.

തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന് സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ട്രേഡിങ് വഴി എറണാകുളം സ്വദേശിയില്‍ നിന്ന് 26 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലാണ് അന്വേഷണം നടത്തി വരുന്നത്. അന്വേഷണത്തില്‍ ഡാനിയേല്‍ എന്ന വ്യക്തിയെ പ്രതി ചേര്‍ത്തിരുന്നു. ഡാനിയേൽ എന്നത് ഇയാളുടെ യഥാർത്ഥ പേരാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന നാൽപ്പത്തൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. വാട്‌സാപ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാം വഴിയും സമ്പർക്കം പുലർത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.

ടെലിഗ്രാം വഴി ‘കാപിറ്റലിക്‌സ്’ എന്ന വ്യാജ ട്രേഡിങ് സൈറ്റിൻ്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകൾ വഴി 2023 മെയ് മുതൽ 2025 ആഗസ്ത് 29 വരെ പല തവണയായി തുക കൈമാറുകയായിരുന്നു. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ലാഭവിഹിതമായി പരാതിക്കാരന് തിരികെ കിട്ടി. ഇതിൽ വിശ്വസിച്ച് 25 കോടി രൂപയോളം വീണ്ടും നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതവും നിക്ഷേപവും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ അറിയിച്ചത്. രാജ്യത്ത് ഓൺലൈൻ സൈബർ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളിൽനിന്ന് തട്ടിയെടുത്ത ഏറ്റവും വലിയ തുകയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button