അന്തർദേശീയം

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂര്‍ : ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

ആറ് വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ മേഖല എന്നിവയില്‍ കൈകോര്‍ക്കാനുള്ള പദ്ധതികള്‍ക്ക് ധാരണയാകുമെന്നാണ് വിവരം. ബ്രൂണയ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി ചര്‍ച്ച ചെയ്തു.

സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര-നിയമ മന്ത്രി കെ ഷണ്‍മുഖം ആണ് മോദിയെ സ്വീകരിച്ചത്. നാളെ പാര്‍ലമെന്റ് ഹൗസില്‍ മോദിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും.

സിങ്കപ്പൂരുമായുള്ള പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണെന്ന് യാത്രയ്ക്ക് മുമ്പ് മോദി എക്‌സില്‍ കുറിച്ചിരുന്നു. 2018ലാണ് അവസാനമായി മോദി സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സിംഗപ്പൂര്‍ യാത്രയില്‍ ഒപ്പമുണ്ട്. മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ്, വ്യവസായ പ്രമുഖര്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button