സ്വീകരണയോഗത്തിൽ നോട്ടു ബുക്കും പേനയും തരൂ, വ്യത്യസ്ഥ അഭ്യർത്ഥനയുമായി കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി മുകേഷ്
സ്വീകരണ സ്ഥലങ്ങളിൽ പൂക്കൾക്കും പൂച്ചെണ്ടുകൾക്കും ഹാരങ്ങൾക്കും പകരം നോട്ട് ബുക്ക് ആവശ്യപ്പെട്ട് കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി എം മുകേഷ്. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾക്ക് കൈമാറാനാണ് നോട്ട് ബുക്കും പേനയും കൊല്ലം എം എൽ എ കൂടിയായ മുകേഷ് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഈ അഭ്യർത്ഥന തരംഗമായതോടെ മുകേഷിന്റെ സ്വീകരണ സ്ഥലങ്ങളിൽ നോട്ടു ബുക്കുകളും പേനകളും പ്രവഹിക്കുകയാണ്.
ഇന്നലെ രാവിലെയാണ് സ്വീകരണത്തിൽ അൽപ്പം വ്യത്യസ്തത ആയിക്കൂടെ എന്ന ആശയം മുകേഷ് ഫേസ്‌ബുക്കിലൂടെ മുന്നോട്ടുവെച്ചത്. പിന്നാലെ, ലോക്സഭയിലേക്ക് പോകാനായി ഹിന്ദി പഠിക്കാനാണ് മുകേഷ് ബുക്ക് ചോദിച്ചത് എന്നത് പോലുള്ള പരിഹാസ കമന്റുകൾ ധാരാളം എത്തി. എന്നാൽ , ഒരു ആവശ്യവും ഇല്ലാത്ത ഹാരത്തേക്കാളും പൂക്കളെക്കാളും നോട്ട് ബുക്കുകളും പേനകളും ചോദിച്ചത് ഉചിതമായി എന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്തായാലും , സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന ഇടതുമുന്നണി പ്രവർത്തകർ സീരിയസ് ആയിത്തന്നെ എടുത്തു. തൊട്ടുപിന്നാലെ നടന്ന ഇരവിപുരത്തെ സ്വീകരണയോഗത്തിൽ 576 നോട്ടുബുക്കുകളും 183 പേനകളുമാണ് മുകേഷിന് കിട്ടിയത്. അതിന്റെ കണക്കു മുകേഷ് ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്തായാലും, കൊല്ത്ത് മുകേഷ് തോറ്റാലും, ജയിച്ചാലും നിർധനരായ കുട്ടികളുടെ കൈയ്യിൽ അടുത്ത വർഷത്തേക്കുള്ള നോട്ടുബുക്കുകളും പേനകളും യദേഷ്ടം ലഭിക്കുമെന്ന് ഉറപ്പായി.