ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണ രീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഔദ്യോഗിക പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഉദയനിധി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
2019ല്‍ പുറപ്പെടുവിച്ച ഔപചാരിക വസ്ത്രധാരണ രീതി നിര്‍ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി സ്റ്റാലിന്‍ ലംഘിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ധരിക്കുന്ന ടീഷര്‍ട്ടുകളിലെല്ലാം ഡിഎംകെയുടെ ചിഹ്നം ധരിക്കാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാര്‍ യോഗങ്ങളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലും അത്തരം പ്രവൃത്തികള്‍ തുടരുകയാണെന്നും എം സത്യകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.