കേരളം
ഖജനാവിൽ നിന്നും പണമെടുത്തിട്ടില്ല , മുഖ്യമന്ത്രിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശരേഖ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.
12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ചർച്ചാവിഷയമായിരുന്നു.