ഡൽഹി സ്ഫോടനം : ചാവേറെന്ന് സംശയിക്കുന്ന ഡോക്റ്ററുടെ ചിത്രം പുറത്ത്

ന്യൂഡൽഹി : സ്ഫോടനക്കേസിലെ ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ഡോ. ഉമറിന്റെ ഉടമസ്ഥതയിലായിരുന്നു.
ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംയുക്തമായി പിടികൂടിയ ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിൽ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റർമാരായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെയും ഡോ. മുജമ്മിൽ ഷക്കീലിന്റെയും സഹായിയായിരുന്നു ഡോ. ഉമർ.
കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ഡോക്റ്റർ ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടു. പരിഭ്രാന്തനാവുകയും സ്ഫോടനം നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഉമർ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും കാറിൽ ഒരു ഡിറ്റണേറ്റർ സ്ഥാപിക്കുകയും ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.
പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. സംശയം തോന്നുന്ന ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതുവരെ 13 ഓളം പേരെ ചോദ്യം ചെയ്തു.



