ഫോണ്‍പേയും ഗൂഗിള്‍പേയും ഒക്ടോബര്‍ 1 മുതല്‍ പീര്‍ ടു പീര്‍ ഇടപാടുകള്‍ നീക്കം ചെയ്യും

ന്യൂഡൽഹി : യുപിഐ ഇടപാടുകള്‍ക്ക് നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുതിയ നിയമങ്ങള്‍ ഏർപ്പെടുത്തും. യുപിഐ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പീര്‍ ടു പീര്‍(P2P) ഇടപാടുകള്‍ നീക്കം ചെയ്യും. അതായത് ബാങ്കുകളില്‍ നിന്നും പേമെന്റ് ആപ്പുകളില്‍ നിന്നും കളക്ട് റിക്വസ്റ്റ് നീക്കം ചെയ്യും. ഒക്ടോബര്‍ ഒന്നുമുതൽ പ്രാബല്യത്തില്‍ വരും. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുക, സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുക എന്നതാണ് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുക വഴിയുള്ള ലക്ഷ്യം.
ഒരു നിശ്ചിത തുക അയയ്ക്കാനോ, അല്ലെങ്കില്‍ ഒരു ബില്‍ സ്പ്ലിറ്റ് ചെയ്യുന്നതിനോ ആണ് സാധാരണഗതിയില്‍ ഇത് ഉപയോഗിച്ചിരുന്നത്. നേരത്തേ ഇത്തരത്തില്‍ 2000 രൂപ വരെമാത്രം കൈമാന്‍ സാധിക്കുന്ന തരത്തില്‍ ഈ ഫീച്ചറിന്റെ സേവനം പരിമിതപ്പെടുത്തിയിരുന്നു.
എന്നിട്ടും സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പിടുപി ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, പണം അയയ്‌ക്കേണ്ട വ്യക്തിയുടെ യുപിഐ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ തിരഞ്ഞെടുത്തോ മാത്രമേ പണം അയയ്ക്കാന്‍ കഴിയൂ. യുപിഐയുടെ ഈ പുതിയ പണമിടപാട് നിയമങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്വിഗി, ഐആര്‍ടിസി തുടങ്ങിയ മര്‍ച്ചന്റ് ട്രാന്‍സാക്ഷനെ ബാധിക്കില്ല. എന്നിരുന്നാലും പണിടപാട് പൂര്‍ത്തിയാക്കുന്നതിനായി അവര്‍ക്ക് റിക്വസ്റ്റ് അപ്രൂവ് ചെയ്യേണ്ടിയും യുപിഐ പിന്നും നൽകേണ്ടി വരും.