അന്തർദേശീയം

കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺസംഭാഷണം ചോർന്നു; തായ്‌ലാൻഡ് പ്രധാനമന്ത്രിക്ക് സസ്‌പെൻഷൻ

ബാങ്കോക്ക് : കംബോഡിയയുടെ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോരുകയും ഹുൻ സെന്നിനെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ്ത് നാണംകെടുകയും ചെയ്ത തായ്‌ലാൻഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു.

കംബോഡിയയുടെ മുൻ നേതാവുമായുള്ള ചോർന്ന ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഔദ്യോഗിക ചുമതലകളിൽനിന്നുള്ള സസ്പെൻഷൻ. ധാർമ്മികത ലംഘിച്ചെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കാൻ ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. രണ്ടിനെതിരെ ഏഴു വോട്ടുകൾക്കാണ് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ജഡ്ജിമാർ എടുത്തത്.

കംബോഡിയയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പെയ്തോങ്തരണിന് സമ്മർദ്ദം ഏറിവരികയായിരുന്നു. മെയ് 28-ന് ഇരുരാജ്യങ്ങളും തമ്മിൽനടന്ന ഏറ്റുമുട്ടലിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പെയ്തോങ്തരണിന്റെ സംഭാഷണം രാജ്യത്തുടനീളം പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. തനിക്ക് ആശങ്കയുണ്ടെന്നും എന്നാൽ കോടതി നടപടി അംഗീകരിക്കുകയാണെന്നും പെയ്‌തോങ്തരൺ പ്രതികരിച്ചു. ജൂലൈ ഒന്നു മുതലാണ് സസ്‌പെൻഷൻ.

പ്രധാനമന്ത്രി പെയ്‌തോങ്തരൺ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് തായ്ലാൻഡിൽ പ്രതിഷേധം ശക്തമായിരുന്നു. തലസ്ഥാനമായ ബാങ്കോക്കിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കംബോഡിയയുമായുള്ള അതിർത്തിത്തർക്കം മോശമായി കൈകാര്യം ചെയ്തതിന്റെപേരിൽ പെയ്‌തോങ്തരണിനെതിരേ ജനരോഷം കനക്കവേയാണ് കോളിളക്കം സൃഷ്ടിച്ച് ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഈമാസം 18-ന് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് പരാമർശങ്ങളെന്നാണ് ആരോപണം.

ജനരോഷം കനത്തതോടെ പെയ്‌തോങ്തരൺ പരസ്യമായി മാപ്പുപറയുകയും സായുധസേനകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുപിന്നാലെ 69 എംപിമാരുള്ള ഭുംജൈതൈ പാർട്ടി ഷിനവത്രയുടെ ഭരണസഖ്യം വിട്ടു.

സംഭാഷണത്തിനിടെ തികച്ചും അനൗദ്യോഗികമായി ‘അങ്കിൾ’ എന്നാണ് ഹുൻ സെന്നിനെ പെയ്‌തോങ്തരൺ വിളിച്ചത്. അനന്തരവളായിക്കരുതി തന്നോട് അല്പം അനുകമ്പ കാണിക്കണമെന്നും രാജ്യത്തെ വിമർശകർ തന്നോട് രാജിവെച്ച് കംബോഡിയയുടെ പ്രധാനമന്ത്രിയായിക്കോയെന്ന് പറയുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അവർ പറഞ്ഞിരുന്നു. കംബോഡിയൻ അതിർത്തിയുടെ ചുമതലയുള്ള കമാൻഡർ ബൂൻസിൻ പദ്ക്ലാങ്ങിനെക്കുറിച്ചും അവർ മോശമായിപ്പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button