അന്തർദേശീയം

ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി 92–ാം വയസ്സിൽ കാമറൂണിൻറെ പ്രസിഡന്റായി വീണ്ടും പോൾ ബിയ

യവുൻഡേ : കാമറൂൺ പ്രസിഡന്റായി പോൾ ബിയ (92) വീണ്ടും അധികാരം നിലനിർത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോൾ ബിയ, എട്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ബിയ 1982 മുതൽ പ്രസിഡന്റാണ്. 1975 മുതൽ 7 വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയാണ് പോൾ ബിയ. 2008-ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോൾ ബിയ, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് ഭരണം നിലനിർത്തി.

തിരഞ്ഞെടുപ്പിൽ പോൾ ബിയ തന്നെയാണ് വിജയിച്ചതെന്ന് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചു. കഴിഞ്ഞ 12ന് നടന്ന തിരഞ്ഞെടുപ്പിൽ 53.66% വോട്ടാണ് ബിയ നേടിയത്. പ്രധാന എതിർ സ്ഥാനാർഥി ഇസ്സ ചിരോമ ബകറിക്ക് 35.19% വോട്ടുകിട്ടി. ചിരോമ വിജയം അവകാശപ്പെട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്. 7 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.

പ്രാഥമിക ഫലസൂചനകൾ പ്രകാരം പോൾ ബിയ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ പല തവണ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടെന്ന് ഇസ്സ ചിരോമ ബകറി സമൂഹമാധ്യമത്തിൽ കുറിച്ചു. തിര‍ഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ ആരോപണം സർക്കാർ വൃത്തങ്ങൾ തള്ളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button