കനത്തമഴയിൽ ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി : ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ (ഹുമയൂണിന്റെ ശവകുടീരം) ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ശവകുടീരത്തിന്റെ താഴികക്കുടങ്ങളില്‍ ഒന്നിന്റെ ഒരു ഭാഗം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.
മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഡല്‍ഹിയിലെ നിസാമൂദീന് സമീപത്തുള്ള ഈ സ്മാരകം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടം വിനോദസഞ്ചാരികള്‍ പതിവായി സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ്.
ചുവന്ന മണല്‍ക്കല്ലുകള്‍ കൂടുതലായി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട് ശവകൂടീരം പേര്‍ഷ്യന്‍ വാസ്തുശില്പികളായ മിറാക് മിര്‍സ ഗിയാസും മകന്‍ സയ്യിദ് മുഹമ്മദും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്. 1569-70-ല്‍ ഹുമയൂണിന്റെ ആദ്യ ഭാര്യയും മുഖ്യ പത്‌നിയുമായ എമ്പ്രാണി ബേഗ ബീഗമാണ് ശവകുടീരം കമ്മീഷന്‍ ചെയ്തത്. 1993-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഹുമയൂണിന്റെ ശവകുടീരം ഇടം പിടിച്ചിരുന്നു.