കേരളം

‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’; നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധം

പാലക്കാട് : നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചര്‍ച്ച ഇതല്ലെങ്കിലും പക്ഷേ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ എക്‌സ്‌പോസ് ചെയ്യുക എന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ് എന്ന് സരിന്‍ പറഞ്ഞു. കൃത്യമായ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ്. ജില്ലാ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നു. അതിന് മുന്‍പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാന്‍ നോക്കിയവര്‍ പ്രതിക്കൂട്ടിലായി. പ്രതിക്കൂടെന്നാല്‍ പ്രതികള്‍ക്കുള്ള കൂടെന്ന് തന്നെയെന്ന് പാലക്കാട്ടെ ജനങ്ങള്‍ കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

‘ഇരുട്ടത്ത് നിൽക്കുന്ന കുറേപേർ ഉണ്ട്, യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതൊന്നുമല്ല പാലക്കാട് ചർച്ചയാകേണ്ടത്. ഒരു വ്യക്തിയിലേക്ക് മാത്രം അന്വേഷണം ചുരുക്കരുത്, അടിക്കടി വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും തിരിച്ചറിയാൻ പാലക്കട്ടെ ജനങ്ങൾക്കറിയാമെന്നും’- സരിന്‍ പറഞ്ഞു. ബോധപൂർവം സിപിഎം-ബിജെപി ബന്ധം ആരോപിച്ച് താത്ക്കാലിക ലാഭം ഉണ്ടാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സരിന്‍ വ്യക്തമാക്കി.

കോട്ടമൈതാനിയില്‍ ട്രോളി ബാഗും ചാക്കുകെട്ടുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം പുരോഗമിക്കുകയാണ്. അതില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പി സരിന്റെ പ്രതികരണം. ട്രോളി ബാഗില്‍ പണമായിരുന്നെന്ന് കണ്ടെത്തേണ്ടത് പൊലീസാണ് അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button