ദേശീയം

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; താക്കീതുമായി ഇന്ത്യ

ന്യൂഡല്‍ഹി : വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ വീണ്ടും ലംഘിച്ചെന്ന് ഇന്ത്യ. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നടപടിയാണ്. പാക് ആക്രമണത്തിന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ശക്തമായി നേരിടാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിക്രം മിസ്രി രാതി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലംഘനങ്ങള്‍ക്ക് സായുധ സേന ഉചിതമായ മറുപടി നല്‍കുന്നുണ്ട്. ഇത്തരം നടപടികളെ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാകിസ്ഥാന്‍ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഇന്ത്യന്‍ സൈന്യം ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ആവര്‍ത്തിച്ചുള്ള ലംഘനങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’. വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും, ശ്രീനഗറില്‍ നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേട്ടതായും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആരോപിച്ചിരുന്നു. ‘വെടിനിര്‍ത്തലെന്നു പറഞ്ഞിട്ട് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടു!’- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button