സമയം അവസാനിച്ചു; അഫ്ഗാൻകാർ തിങ്കളാഴ്ചയോടെ രാജ്യം വിടണം : പാകിസ്ഥാൻ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കഴിയുന്ന ഒരു വിഭാഗം അഫ്ഗാൻകാർ തിങ്കളാഴ്ചയോടെ രാജ്യം വിടണമെന്ന് അധികൃതർ. ഇവർക്ക് സ്വമേധയ പാക്കിസ്ഥാനിൽ നിന്ന് മടങ്ങാനുള്ള സമയം മാർച്ച് 31ന് അവസാനിക്കും. അഫ്ഗാൻ പൗരന്മാരെ തടഞ്ഞുവയ്ക്കാനും പുറത്താക്കാനുമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചു.
അഫ്ഗാൻ സിറ്റിസൺ കാർഡുള്ളവരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ഉന്നതതല യോഗം നടന്നിരുന്നു. ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഫ്ഗാൻ പൗരൻമാരോട് മാർച്ച് അവസാനത്തോടെ സ്വമേധയ രാജ്യം വിടണമെന്നും ഇല്ലെങ്കിൽ നാടുകടത്തുമെന്നും ജനുവരിയിൽ പാക്കിസ്ഥാൻ അറിയിച്ചിരുന്നു. ഈ സമയപരിധി നീട്ടണമെന്ന് അഫ്ഗാൻ സർക്കാരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല.
അഫ്ഗാനിൽനിന്നുള്ള നിയമവിരുദ്ധകുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇന്ന്. 2023ലാണ് ആദ്യഘട്ടം ആരംഭിച്ചത്. 25 ലക്ഷം അഫ്ഗാൻ പൗരരാണ് പാകിസ്താനിലുള്ളത്. അഫ്ഗാൻകാരെ തിരിച്ചയയ്ക്കാനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി പാകിസ്ഥാൻ ഗവൺമെന്റ് അറിയിച്ചു. നാടുകടത്തുന്നതിനു മുമ്പ് അഫ്ഗാൻ പൗരന്മാരെ താമസിപ്പിക്കുന്നതിനായി സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഭക്ഷണ, വൈദ്യ സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.