പഹല്‍ഗാം ഭീകരാക്രമണം: യുഎന്‍ രക്ഷാ കൗണ്‍സില്‍ ഇന്ന്; ഇന്ത്യയുടെ പ്രകോപന നടപടികള്‍ ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂയോർക്ക് : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രണം യോഗം ചര്‍ച്ച ചെയ്യും. രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ക്കിടയില്‍ നയതന്ത്രപരമായ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം.
‘ഇന്ത്യയുടെ ആക്രമണാത്മക പ്രവര്‍ത്തനങ്ങള്‍, പ്രകോപനങ്ങള്‍, പ്രകോപനപരമായ പ്രസ്താവനകള്‍’ തുടങ്ങിയവ യുഎന്‍ രക്ഷാ കൗണ്‍സിലിനെ അറിയിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കലും പ്രത്യേകമായി ഉന്നയിക്കും. മേഖലയിലെ ‘സമാധാനത്തിനും സുരക്ഷയ്ക്കും’ ഭീഷണിയാകുന്ന നിയമവിരുദ്ധമായ നടപടിയാണിതെന്നും പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലെ ഗ്രീസിന്റെ സ്ഥിരം പ്രതിനിധിയും മെയ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനുമായ ഇവാഞ്ചലോസ് സെകെറിസ് ഭീകരാക്രമണത്തെയും തുടര്‍ന്നുള്ള സ്ഥിതിഗതികളിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
‘എല്ലാ രൂപത്തിലുമുള്ള ഭീകരതയും അത് എവിടെ സംഭവിച്ചാലും യുഎന്‍ അപലപിക്കുന്നു. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. വളരെ വലിയ രണ്ട് രാജ്യങ്ങള്‍. തീര്‍ച്ചയായും, ഇന്ത്യ പാകിസ്ഥാനേക്കാള്‍ വളരെ വലുതാണ്’. സെകെറിസ് അഭിപ്രായപ്പെട്ടു.