പഹല്‍ഗാം ആക്രമണം : പാകിസ്ഥാനെ പിന്തുണച്ച് ചൈന

ബീജിങ്ങ് : പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ചൈന. പാകിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടികളാണ്. പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്നും ചൈന വ്യക്തമാക്കി. പാകിസ്ഥാന് വിദേശകാര്യമന്ത്രി ഇഷാഖ് ധറുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൈനയുടെ നിലപാട് അറിയിച്ചത്.
ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി ഇഷാഖ് ധറിനെ അറിയിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്തമാണ്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിച്ച് നീങ്ങണമെന്നും, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും വാങ് യി പാക് വിദേശകാര്യമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ നിര്‍ദേശിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്നാണ് പാകിസ്ഥാന് വ്യക്തമാക്കിയത്. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുതാര്യമായ ഏത് അന്വേഷണത്തിനും പാകിസ്ഥാന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചിരുന്നു. വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും ഷഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി.