ദേശീയം

സന്ദർശകവിസയിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ല; 2,659 മലയാളികൾ

ന്യൂഡൽഹി: സന്ദർശകവിസയിൽ 2022 ജനുവരി മുതൽ 2024 മേയ് വരെ കംബോഡിയ, തായ്ലൻഡ്, മ്യാൻമർ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കാണാതായവരിൽ പകുതിയിലധികവും (17,155 പേർ) 20-39 പ്രായമുള്ളവരാണ്. 21,182 പേരും പുരുഷൻമാരാണ്. ഇവരിൽ ഭൂരിഭാഗവും പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 69 ശതമാനവും (20,450 പേർ) തായ്‌ലൻഡിലേക്ക് പോയവരാണ്.

ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ യുവാക്കളെ ആകർഷിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഉയർന്ന ശമ്പളം ലക്ഷ്യമിട്ട് ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ തൊഴിൽ തട്ടിപ്പിനിരയാവുകയും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പിനും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുവെന്നുമാണ് സൂചന.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാർ കഴിഞ്ഞ മേയിൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കാനായിരുന്നു സമിതിക്ക് നിർദേശം നൽകിയത്.

പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വലിയ തോതിൽ ആളുകളെ കാണാതായിട്ടുണ്ട്. ഉത്തർപ്രദേശ് (2,946), കേരളം (2,659), ഡൽഹി (2,140), ഗുജറാത്ത് (2,068), ഹരിയാന (1,928) എന്നിങ്ങനെയാണ് കാണാതായവരുടെ എണ്ണം. കർണാടക, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നാണ് കുറവ് ആളുകളെ കാണാതായത്.

കാണാതായവരിൽ ഏറ്റവും കൂടുതൽ ആളുകൾ പോയത് ഡൽഹി വിമാനത്താവളം വഴിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. 12,493 പേരാണ് ഡൽഹി വഴി പോയത്. മുംബൈ വിമാനത്താവളം വഴി പോയ 4,699 പേരും കൊൽക്കത്ത വഴി പോയ 2,395 പേരും കൊച്ചി വഴി പോയ 2,296 പേരും തിരിച്ചെത്തിയിട്ടില്ല.

5,000ൽ അധികം ഇന്ത്യക്കാർ കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നുവെന്നും ഇവരെ സൈബർ തട്ടിപ്പിന് ഉപയോഗിക്കുകയാണെന്നും ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച ആശങ്കകൾ വർധിച്ചത്. ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകുന്ന ഇവരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടത്തിയ പഠനത്തിൽ സൗത്ത് ഈസ്റ്റ് ഏഷ്യയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളിൽ 45 ശതമാനവും ഈ മേഖലയിൽനിന്ന് വരുന്നതാണ്. 2023 ജനുവരി മുതൽ ഏകദേശം ഒരുലക്ഷത്തോളം സൈബർ പരാതികളാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയാണ് തട്ടിപ്പ് കമ്പനികളിൽ നിയമിക്കപ്പെടുന്നവരുടെ പ്രധാന ജോലി. പലപ്പോഴും സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ചാണ് ഇത്തരം പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത്. ഇതുപയോഗിച്ച് ആളുകളെ ക്രിപ്‌റ്റോ കറൻസി പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. അവർ ലക്ഷ്യമിടുന്ന നിക്ഷേപം ലഭിച്ചുകഴിഞ്ഞാൽ നിക്ഷേപകന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ നിക്ഷേപം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഇല്ലാതാവുകയോ ചെയ്യുന്നതാണ് രീതിയെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, റിസർവ് ബാങ്ക്, ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയിൽ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ബാങ്കിങ്, ടെലികോം, കുടിയേറ്റ മേഖലകളിൽ തട്ടിപ്പുകാർക്ക് സഹായകരമായ നിരവധി പോരായ്മകളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. കേന്ദ്ര ഇമിഗ്രേഷൻ വിഭാഗവും വ്യോമയാന മന്ത്രാലയവും ആളുകൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് തടയാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സമിതി മുന്നറിയിപ്പ് നൽകി.

തട്ടിപ്പ് സംഘങ്ങളിൽനിന്ന് രക്ഷപ്പെട്ട ചില വ്യക്തികൾ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങൾ ‘ഇന്ത്യൻ എക്‌സ്പ്രസു’മായി പങ്കുവെച്ചു. വിദേശത്ത് ലാഭകരമായ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് തങ്ങളെ കൊണ്ടുപോയത്. കംബോഡിയ, തായ്ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ എത്തിക്കഴിഞ്ഞപ്പോൾ പാസ്പോർട്ടുകൾ പിടിച്ചെടുത്തെന്നും ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായെന്നും ഇവർ പറഞ്ഞു.

ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്താണ് തങ്ങളെ കൊണ്ടുപോയത്. എന്നാൽ തട്ടിപ്പ് സംഘടങ്ങളുടെ കയ്യിലാണ് എത്തിപ്പെട്ടത്. പാസ്‌പോർട്ടുകൾ ബലമായി കൈക്കലാക്കിയ അവർ വ്യാജ ക്രിപ്‌റ്റോ കറൻസി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളെ ക്ഷണിക്കാൻ ആവശ്യപ്പെട്ടത്. അനുസരിക്കാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.

വിദേശത്ത് ജോലി തേടുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അന്തർദേശീയ തട്ടിപ്പ് സംഘങ്ങൾക്കെതിരെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button