‘ഒറിജിനൽ ബിർകിൻ ബാഗ്’; റെക്കോർഡ് തകർത്ത് 86 കോടി രൂപക്ക് ലേലം

പാരിസ് : ഫാഷൻ ലോകത്തെ ഏറ്റവും പ്രശസ്തമായ ബാഗിന്റെ ആദ്യ രൂപമായ ഒറിജിനൽ ബിർകിൻ ബാഗ് ലേലത്തിൽ 86 കോടി രൂപക്ക് (8.6 മില്യൺ യൂറോ) വിറ്റു. ഇതോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹാൻഡ്ബാഗ് എന്ന റെക്കോർഡ് സ്വന്തമാക്കി. 1985-ൽ ബ്രിട്ടീഷ് നടിയും ഗായികയുമായ ജെയ്ൻ ബിർകിൻ ഹെർമെസിന്റെ മേധാവി ജീൻ-ലൂയി ഡാമസിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യവേ അവരുടെ ബാഗിൽ നിന്ന് സാധനങ്ങൾ പുറത്തേക്ക് ചിതറി. ഒരു അമ്മക്ക് അനുയോജ്യമായ ഫാഷനബിൾ ബാഗിന്റെ അഭാവം ബിർകിൻ ചൂണ്ടിക്കാട്ടി. ഹെർമെസ് അത്തരമൊരു ബാഗ് നിർമിച്ചാൽ തന്റെ വിക്കർ കൊട്ട ഉപേക്ഷിക്കുമെന്ന് പറഞ്ഞു. ഇതിനെത്തുടർന്ന് വിമാനത്തിന്റെ സിക്ക് ബാഗിൽ അവർ ഒരുമിച്ച് പുതിയ ബാഗിന്റെ ഡിസൈൻ വരച്ച് രൂപകല്പന ചെയ്തു. അതാണ് ‘ഒറിജിനൽ ബിർക്കിൻ ബാഗ്’.
പാരിസിലെ സോത്ബിയുടെ ലേലത്തിൽ ജപ്പാനിൽ നിന്നുള്ള ഒരു സ്വകാര്യ വ്യക്തിക്കാണ് ബാഗ് വിറ്റുപോയത്. 10 മിനിറ്റ് നീണ്ട ലേലത്തിൽ ഒൻപത് ആളുകൾ മത്സരിച്ചതായി സോത്ബി പറഞ്ഞു. മുൻ റെക്കോർഡായ 4.39 ലക്ഷം യൂറോ (3.78 ലക്ഷം പൗണ്ട്) മറികടന്നാണ് ഈ വിൽപ്പന നടന്നത്. ‘ഈ വില അതുല്യമായ പ്രോവിനൻസുള്ള അസാധാരണ വസ്തുക്കൾക്കായി ആളുകളുടെ ആവേശവും വ്യക്തമാക്കുന്നു.’ സോത്ബിയുടെ ആഗോള ഹാൻഡ്ബാഗ് ഫാഷൻ വിഭാഗം മേധാവി മോർഗൻ ഹലിമി പറഞ്ഞു. 2023-ൽ 76-ാം വയസ്സിൽ ബിർക്കിന് മരണപ്പെട്ടു. ഈ ബാഗ് അവർ ഒരു ദശാബ്ദത്തോളം ഉപയോഗിച്ച ശേഷം 1994-ൽ എയ്ഡ്സ് ചാരിറ്റിക്കായി ലേലത്തിന് വെച്ചിരുന്നു. പാരിസിലെ ലക്ഷ്വറി ബോട്ടിക്കിന്റെ ഉടമയായ കാതറിൻ ബെനിയർ 25 വർഷം ഈ ബാഗ് കൈവശം വെച്ചു.
ഈ ബാഗിൽ ബിർകിന്റെ ഇനിഷ്യലുകൾ ഫ്രണ്ട് ഫ്ലാപ്പിൽ ഉള്ളതും, നീക്കം ചെയ്യാനാകാത്ത ഷോൾഡർ സ്ട്രാപ്പ്, അവർ എപ്പോഴും കൊണ്ടുനടന്ന നെയിൽ ക്ലിപ്പർ, മെഡിസിൻസ് ഡു മോണ്ടെ, യൂനിസെഫ് പോലുള്ള സംഘടനകൾക്കായി പതിച്ച സ്റ്റിക്കറുകളുടെ അടയാളങ്ങൾ എന്നിവ ഉൾപ്പെടുന്നു.