ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം, വാക്ക് ഔട്ട്
നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റിൽ വിവേചനമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമർശനം ഉന്നയിക്കുന്നത്.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.സീതാരാമൻ സംസാരിക്കുന്നതിനിടെ നിരവധി പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ കക്ഷികൾ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അടക്കം സാന്നിധ്യത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ഇന്ത്യാ മുന്നണി എംപിമാർ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
സ്റ്റാലിനും കോൺഗ്രസ് മുഖ്യന്മാരും നീതി ആയോഗ് യോഗം ബഹിഷ്ക്കരിക്കും
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.ജൂലൈ 27നാണ് നീതി ആയോഗിന്റെ യോഗം. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രിമാര്‍. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും യോഗത്തിൽ പങ്കെടുക്കില്ല, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.