500 വനിതാ സംരംഭകര്‍ക്ക് കെ ഫോണില്‍ ഷീ ടീമിൽ അവസരം

തിരുവനന്തപുരം : വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെ ഫോണ്‍. ‘ഷീ ടീം’ എന്ന പേരില്‍ അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രോഡ് ബാന്റ് കണക്ഷന്, ഒടിടി പ്ലാറ്റ് ഫോം എന്നിവ വീടുകളിലെത്തിക്കുന്ന എക്സിക്യൂട്ടീവ് പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കാനാണ് വനിതാ സംരംഭകര്‍ക്ക് സാധിക്കുക.
കെ ഫോണിന്റെ 375 പോപ്സുകളി(പോയിന്റ് ഓഫ് പ്രസന്റ്സ്)ല്‍ ചുരുങ്ങിയത് ഒരു വനിത വീതം പ്രവര്‍ത്തിച്ചാലും 375 പേര്‍ക്ക് അവസരം ലഭിക്കും. താല്‍പ്പര്യമുള്ള പ്രദേശം തെരഞ്ഞെടുക്കാം. ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാനാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കെ ഫോണ്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ള വനിതാ സംരംഭകര്‍ക്ക് www.kfon.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍: [email protected]. അവസാന തിയതി: നവംബര്‍ 10.
നിലവില്‍ കെഫോണിന് 1.3 ലക്ഷം ബ്രോഡ് ബാന്റ് കണക്ഷനുണ്ട്. ഷീ ടീം വരുന്നതോടെ ദിവസം ആയിരം പുതിയ കണക്ഷനാണ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം കണക്ഷന് നല്‍കാനുള്ള അടിസ്ഥാന സൗകര്യം നിലവിലുണ്ട്.



